''രക്തസാക്ഷികള്‍ പുതുതലമുറ പോരാളികള്‍ക്ക് പോരാട്ടത്തിന്റെ തീപ്പന്തം കൈമാറി; ഇസ്രായേല്‍ അജയ്യരാണെന്ന മിഥ്യാധാരണ തൂഫാനുല്‍ അഖ്‌സ പൊളിച്ചുമാറ്റി'': ഖലീല്‍ അല്‍ ഹയ്യ
ഗസ സിറ്റി: ഫലസ്തീനികളും പ്രതിരോധപ്രസ്ഥാനങ്ങളും തൂഫാനുല്‍ അഖ്‌സയുടെ ലക്ഷ്യങ്ങള്‍ നേടിയതായി ഗസയിലെ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ. ഇസ്രായേല്‍ അജയ്യരാണെന്ന മിഥ്യാധാരണ തൂഫാനുല്‍ അഖ്‌സ പൊളിച്ചുമാറ്റിയെന്നും അവരെ മുട്ടുകുത്തിച്ചെന്നും അല്‍ അഖ്‌സ ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ''ഇസ്രായേലിനെ പരാജയപ്പെടുത്താനും ഫലസ്തീനെ സ്വതന്ത്രമാക്കാനും സാധിക്കും.''-അദ്ദേഹം പറഞ്ഞു.
രക്തസാക്ഷികളായ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ പോരാട്ടത്തിന്റെ പതാക ഉയര്‍ത്തിപിടിച്ചെന്നും പുതിയ തലമുറ പോരാളികള്‍ക്ക് പോരാട്ടത്തിന്റെ തീപ്പന്തം കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ നേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം ഒരു കിടങ്ങില്‍ തോളോടു തോള്‍ ചേര്‍ന്ന് പോരാടി. സ്വതന്ത്ര ഫലസ്തീനു വേണ്ടി മരണത്തെ ഭയക്കാതെ അവര്‍ പോരാടി. ദൈവത്തിന്റെ മാര്‍ഗത്തില്‍ ജീവന്‍ അര്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രചോദനമായിരുന്നു അല്‍ഖസ്സം ബ്രിഗേഡ് സ്ഥാപക നേതാവ് മുഹമ്മദ് ദയ്‌ഫെന്നും ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ദയ്ഫിന്റെ പേര് ശത്രുക്കളെ ഭയപ്പെടുത്തി. അദ്ദേഹത്തിന്റെ നിഴല്‍ പോലും ശത്രുക്കളെ വേട്ടയാടി. 30 വര്‍ഷമായി തന്നെ പിന്തുടരുന്നവരെ ആക്രമിച്ചയാളാണ് ദയ്ഫ്. ഹമാസിന് തോക്കുകളോ വെടിയുണ്ടകളോ ഇല്ലാത്ത കാലത്താണ് അല്‍ ഖസ്സം ബ്രിഗേഡ് രൂപീകരിച്ചത്. വ്യക്തമായ കാഴ്ച്ചപ്പാടും അചഞ്ചലമായ ഇഛാശക്തിയും ഉപയോഗിച്ചാണ് മുന്നോട്ടുപോയത്. അതിലൂടെ ലോകമെമ്പാടുമുള്ള നിരവധി സൈന്യങ്ങള്‍ക്ക് നേടാന്‍ കഴിയുന്നതിലുമപ്പുറമുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിവുള്ള ഒരു സൈന്യത്തെ രൂപീകരിച്ചു. ഒരു മടിയും കൂടാതെ ശത്രുവിനെ ആക്രമിക്കുന്ന, വീരയുദ്ധങ്ങള്‍ നടത്തുന്ന സൈന്യമാണിത്. കൃത്യമായ കാഴ്ച്ചപാടുകളും സൈദ്ധാന്തിക അടിത്തറയുമുള്ള പോരാളികളെ കൊണ്ടാണ് ഈ സൈന്യം രൂപീകരിച്ചിരിക്കുന്നത്. പ്രതിരോധം ജീവിതമാര്‍ഗമായി സ്വീകരിച്ച ഒരു ജനതയ്ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ കഴിയുന്ന സൈന്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
സൂക്ഷ്മ കാഴ്ച്ചപ്പാടോടെയും അചഞ്ചലമായ ദൃഢനിശ്ചയത്തോടെയും നിശബ്ദനായി പ്രവര്‍ത്തിച്ച നേതാവായിരുന്നു രക്തസാക്ഷി മര്‍വാന്‍ ഇസയെന്നും ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ലോകത്തോട് സംസാരിച്ചത്. ഇസ്മാഈല്‍ ഹനിയ ഫലസ്തീനികളുടെ ദേശീയ ചിഹ്നമാണെന്നും ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. അദ്ദേഹത്തിന്റെ നഷ്ടം മുസ്‌ലിം ഉമ്മത്തിന്റെ നഷ്ടമാണ്. ഹമാസിന്റെയും ഫലസ്തീന്‍ ജനതയുടെയും ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച നേതാവായിരുന്നു യഹ്‌യാ സിന്‍വാര്‍. തൂഫാനുല്‍ അഖ്‌സയുടെ നേതാവാണ് അദ്ദേഹം. അടിച്ചമര്‍ത്തലുകളെയും ആക്രമണങ്ങളെയും എതിര്‍ക്കുന്ന ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അദ്ദേഹം പ്രചോദനമായി മാറിയിരിക്കുകയാണ്.
വെസ്റ്റ് ബാങ്കില്‍ അല്‍ഖസ്സം ബ്രിഗേഡ് സ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ച രക്തസാക്ഷി സാലിഹ് അല്‍അരൂരി, തയ്‌സീര്‍ ഇബ്രാഹിം, ഗസയിലെ ഹമാസിന്റെ ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ ഉസാമ അല്‍മുസൈനി, ഗസയിലെ ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മേധാവി സമി ഔദ, ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി ഓഫീസ് അംഗം മുഹമ്മദ് അബു അസ്‌കര്‍, വെസ്റ്റ് ബാങ്കിലെ മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥരായ അല്‍നജ്ജര്‍, യാസിന്‍ റാബിഹ്, ലെബനനിലെ ഹമാസിന്റെ നേതാവ് ഫത്തല്ല ഷെരീഫ്, റൂഹി മുഷ്താഹ, സമേഹ് അല്‍സിറാജ്, സക്കരിയ മഅമര്‍, ജമീല അല്‍ശാന്തി, ജവാദ് അബു ഷമല, സമീര്‍ ഫെന്ദി, അസ്സം അല്‍അഖ്‌റ തുടങ്ങിയവര്‍ക്ക് അല്‍ഹയ്യ ആദരാഞ്ജലി അര്‍പ്പിച്ചു.
ഇസ്രായേലി അധിനിവേശത്തെ ചെറുക്കുന്നതില്‍ മുഹമ്മദ് ദയ്ഫ് നിര്‍ണായക പങ്കുവഹിച്ചതായി ലബ്‌നാനിലെ ഹിസ്ബുല്ലയുടെ പ്രസ്താവന പറയുന്നു. അവസാന നിമിഷം വരെ അദ്ദേഹം ചെറുത്തുനില്‍പ്പിന്റെ യുദ്ധക്കളത്തില്‍ തുടര്‍ന്നു. ഫലസ്തീനികളുടെ അന്തസ്സ് സംരക്ഷിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം സമര്‍പ്പിച്ച മുഹമ്മദ് ദയ്ഫിനെ കുറിച്ച് അഭിമാനമുണ്ടെന്ന് ഹിസ്ബുല്ലയുടെ പ്രസ്താവന പറയുന്നു.

