മാവോവാദി ബന്ധം: 16 മനുഷ്യാവകാശ സംഘടനകള്‍ നിരീക്ഷണത്തിലെന്ന് റിപോര്‍ട്ട്

സത്യം വിളിച്ചുപറയുന്ന മനുഷ്യാവകാശ സംഘടനകളെ തീവ്രവാദ മുദ്ര ചാര്‍ത്തുന്നതില്‍ അതിശയമില്ലെന്നും ഭരണകൂട ഭീകരതയ്‌ക്കെതിരേ ഭരണഘടനാനുസൃതമായ ജനാധിപത്യ പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി വ്യക്തമാക്കി.

Update: 2019-11-07 14:59 GMT

തിരുവനന്തപുരം: മാവോവാദി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 16 മനുഷ്യാവകാശ സംഘടനകള്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലെന്ന് റിപോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സിപിഐ(മാവോയിസ്റ്റ്) എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘടനകളാണ് നിരീക്ഷണത്തിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട്(ആര്‍ഡിഎഫ്), പോരാട്ടം, ആദിവാസി വിമോചന മുന്നണി, കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, റാഡിക്കല്‍ മാസ് മൂവ്‌മെന്റ്, ഫാഷിസ്റ്റ് വിരുദ്ധ മുന്നണി(സിആര്‍പിപി), സര്‍ഫേസി വിരുദ്ധ ജനകീയ സമിതി, പീപ്പിള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്(പിയുസിഎല്‍), നാഷനല്‍ കോണ്‍ഫെഡറേഷന്‍സ് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍(എന്‍സിഎച്ച്ആര്‍ഒ), വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ പ്രസ്ഥാനം, ബ്ലേഡ് വിരുദ്ധ മുന്നണി, ഡെമോക്രാറ്റിക് യൂത്ത് മുന്നണി, റവല്യൂഷനറി പീപ്പിള്‍സ് ഫ്രണ്ട്, രാഷ്ട്രീയ സൈനിക അടിച്ചമര്‍ത്തലിനെതിരായ ജനകീയ പ്രതിരോധം എന്നീ സംഘടനകളാണ് നിരീക്ഷണത്തിലുള്ളതെന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ ഞാറ്റുവേല, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(ഡിഎസ്എ), പാഠാന്തരം, യൂത്ത് ഡയലോഗ് എന്നീ പ്രസ്ഥാനങ്ങളും നിരീക്ഷണപ്പട്ടികയിലുണ്ടെന്നാണ് റിപോര്‍ട്ടിലുള്ളത്. അട്ടപ്പാടി മഞ്ചക്കാടിയിലെ മാവോവാദി കൊലപാതകം, കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റ് തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് നിരീക്ഷണമെന്നാണ് സൂചന.

    അതേസമയം, സത്യം വിളിച്ചുപറയുന്ന മനുഷ്യാവകാശ സംഘടനകളെ തീവ്രവാദ മുദ്ര ചാര്‍ത്തുന്നതില്‍ അതിശയമില്ലെന്നും ഭരണകൂട ഭീകരതയ്‌ക്കെതിരേ ഭരണഘടനാനുസൃതമായ ജനാധിപത്യ പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി വ്യക്തമാക്കി. 1980കളില്‍ പഞ്ചാബ്, ആന്ധ്ര സംസ്ഥാനങ്ങളില്‍ പോലിസും ഭരണകൂടവും നടത്തിയ വ്യാജ ഏറ്റുമുട്ടലുകള്‍ പുറത്തുകൊണ്ടുവരികയും നീതി നടപ്പാക്കുകയും ചെയ്തത് മനുഷ്യാവകാശ പ്രസ്ഥാനങ്ങളാണെന്നു മറക്കരുത്. അന്ന് മുതല്‍ തന്നെ സര്‍ക്കാരും പോലിസും ഉന്നയിക്കുന്ന ആരോപണമാണ് തീവ്രവാദികളെ പിന്തുണയ്ക്കുന്ന അല്ലെങ്കില്‍ തീവ്രവാദ പ്രസ്ഥാനങ്ങളുടെ മുഖം മൂടിയണിഞ്ഞ മനുഷ്യാവകാശ സംഘടനകള്‍ എന്നത്. സമകാലീന ലോകത്ത് ഭീകര നിയമങ്ങള്‍ ചാര്‍ത്തി നിരപരാധികളെ തുറുങ്കിലടയ്ക്കുന്നത് തെറ്റാണെന്നും ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്നും ഉറക്കെ വിളിച്ചുപറയുന്നവരെ തീവ്രവാദ മുദ്ര ചാര്‍ത്തുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.




Tags:    

Similar News