മഞ്ചേശ്വരത്ത് ബിജെപി പ്രവര്‍ത്തക ഇരട്ടവോട്ട് ചെയ്‌തെന്ന് ആരോപണം; സംഘര്‍ഷാവസ്ഥ

രാവിലെ വോര്‍ക്കാടി പഞ്ചായത്തിലെ പുത്തൂര്‍ ബക്രവയല്‍ എല്‍പിഎസ് സ്‌കൂളിലെ 42ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തക നബീസയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Update: 2019-10-21 15:16 GMT

കാസര്‍കോഡ്: മഞ്ചേശ്വരത്ത് ബിജെപി പ്രവര്‍ത്തക ഇരട്ടവോട്ട് ചെയ്തതായി ആരോപണം. ഇതിനെ എല്‍ഡിഎഫ്, യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ ചോദ്യം ചെയ്തത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ 88ാം നമ്പര്‍ ബൂത്തായ ചെറുഗോളി ഗവ. ഡബ്ല്യു.എല്‍.പി സ്‌കൂളിലാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ചെറുഗോളി സ്വദേശിനിയായ ബിജെപി പ്രവര്‍ത്തക വോട്ടു ചെയ്യാനെത്തിയപ്പോഴാണ് ഏജന്റുമാര്‍ ചോദ്യംചെയ്തത്. ബംബ്രാണയിലേക്ക് വിവാഹം ചെയ്തുപോയ ഇവര്‍ ബംബ്രാണയില്‍ 135ാം നമ്പര്‍ വോട്ടറാണെന്നാണ് ഏജന്റുമാര്‍ പറയുന്നത്. മാത്രമല്ല, ഉച്ചയ്ക്കു രണ്ടോടെ ബംബ്രാണയില്‍ ഇവര്‍ വോട്ട് ചെയ്തതായും അവര്‍ അവകാശപ്പെട്ടു. 88ാം ബൂത്തിലെ വോട്ടര്‍ ലിസ്റ്റിലും ഇവരുടെ പേരുള്ളതിനാല്‍ വൈകീട്ട് മൂന്നോടെ ഇവിടെ വോട്ട് ചെയ്യാനെത്തുകയും ബൂത്തിനുള്ളില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍, മറ്റൊരു ബൂത്തില്‍ വോട്ട് ചെയ്തതിനാല്‍ ഇവിടെ വോട്ട് ചെയ്യുന്നത് ഇരട്ട വോട്ടുവുമെന്നും അനുവദിക്കരുതെന്നും എല്‍ഡിഎഫ്, യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ പ്രിസൈഡിങ് ഓഫിസറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഓഫിസര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ നേരത്തേ ബംബ്രാണയില്‍ വോട്ട് ചെയ്തതായി കണ്ടെത്തി. അതേസമയം, ഇവിടുത്തെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ളതിനാല്‍ വോട്ട് നിഷേധിക്കരുതെന്ന ബിജെപി നേതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് ഒരു മണിക്കൂറിനു ശേഷം ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരേ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്. പോലിസ് ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. ഇരട്ടവോട്ട് ചെയ്യാന്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

    രാവിലെ വോര്‍ക്കാടി പഞ്ചായത്തിലെ പുത്തൂര്‍ ബക്രവയല്‍ എല്‍പിഎസ് സ്‌കൂളിലെ 42ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തക നബീസയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.




Tags:    

Similar News