മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 23ന്; മല്‍സരം തീപാറും

മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പി ബി അബ്ദുര്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഒഴിവ് വന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് അബ്ദുല്‍ റസാഖ് മരിച്ചതെങ്കിലും തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നല്‍കിയ കേസ് നിലവിലുള്ളതിനാലാണ് ഉപതിരഞ്ഞെടുപ്പ് നീണ്ടത്.

Update: 2019-03-10 14:25 GMT

കാസര്‍കോഡ്: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23ന് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും നടക്കും. മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പി ബി അബ്ദുര്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഒഴിവ് വന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് അബ്ദുല്‍ റസാഖ് മരിച്ചതെങ്കിലും തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നല്‍കിയ കേസ് നിലവിലുള്ളതിനാലാണ് ഉപതിരഞ്ഞെടുപ്പ് നീണ്ടത്.

മരിച്ചവരുടെയും പ്രവാസികളുടെയും കള്ളവോട്ടുകള്‍ ചെയ്താണ് അബ്ദുര്‍റസാഖ് വിജയിച്ചതെന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. 89 വോട്ടുകള്‍ക്കാണ് റസാഖ് വിജയിച്ചത്. മണ്ഡലത്തില്‍ വോട്ട് ചെയ്ത 259 പേരെ വിസ്തരിക്കാനായിരുന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 174 പേരെ വിസ്തരിക്കുകയും 11 പേരെ ഒഴിവാക്കുകയും ചെയ്തിരുന്നു. അവശേഷിക്കുന്നവരില്‍ അഞ്ചുപേര്‍ അസുഖമായി നാട്ടിലും മൂന്നുപേര്‍ തിരഞ്ഞെടുപ്പിനു ശേഷം മരിച്ചതായും കോടതിയെ അറിയിച്ചിരുന്നു.

കേസ് നിലനില്‍ക്കില്ലെന്ന് ഉറപ്പായതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സാക്ഷികളെ മുസ്ലിം ലീഗും സിപിഎമ്മും ചേര്‍ന്ന് പിന്തിരിപ്പിച്ചെന്നാണ് സുരേന്ദ്രന്റെ ആരോപണം.

കഴിഞ്ഞ തവണ കടുത്ത മല്‍സരം നടന്നതിനാല്‍ ഇക്കുറി മുസ്ലിം ലീഗും ബിജെപിയും ശ്രദ്ധയോടെയാണ് മണ്ഡലത്തില്‍ കരുക്കള്‍ നീക്കുന്നത്. ചെറിയ പാളിച്ച പോലും സീറ്റ് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് ലീഗിന് ബോധ്യമുണ്ട്. കല്ലട്ര മാഹിന്‍ ഹാജി, എ കെ എം അഷ്‌റഫ്, എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ തുടങ്ങിയവരുടെ പേരുകളാണ് ലീഗ് സ്ഥനാര്‍ഥികളായി പറഞ്ഞു കേള്‍ക്കുന്നത്. മുനവ്വറലി തങ്ങളെയോ പി കെ ഫിറോസിനെയോ മല്‍സരിപ്പിക്കാനും ലീഗ് ജില്ലാ കമ്മിറ്റിക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍, പുറത്തുനിന്നുള്ളവര്‍ വേണ്ടെന്ന നിലപാടിലാണ് മഞ്ചേശ്വരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി.

അതേ സമയം, മണ്ഡലത്തില്‍ പൊതുവേ സ്വീകാര്യതയുള്ള ഒരാളെയാണ് ബിജെപി തേടുന്നത്. കെ സുരേന്ദ്രന്‍ വീണ്ടും മല്‍സരിക്കാനില്ലെന്ന് സൂചന നല്‍കിയിട്ടുണ്ട്. ലോക്‌സഭയിലേക്കു മല്‍സരിക്കാനാണ് സൂരേന്ദ്രന്റെ ശ്രമം. ജില്ലയില്‍ നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെങ്കില്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ ഷെട്ടിക്ക് നറുക്ക് വീഴും. അല്ലെങ്കില്‍ സി കെ പത്മനാഭന്‍, എം ടി രമേശ്, പി കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളില്‍ ആരെങ്കിലുമാവും രംഗത്തിറങ്ങുക.

സിപിഎം കഴിഞ്ഞ തവണ മല്‍സരിച്ച സി എച്ച് കുഞ്ഞമ്പുവിനെ തന്നെ രംഗത്തിറക്കുമെന്നാണു സൂചന.  

Tags:    

Similar News