മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, ബന്ദിന് ആഹ്വാനം

Update: 2023-11-20 15:13 GMT

ഗുവാഹത്തി: മാസങ്ങളായി സംഘര്‍ഷം നിലനിന്നിരുന്ന മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്. തിങ്കളാഴ്ച മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ രണ്ടുപേരെ വെടിവച്ചു കൊന്നു. ഹരോഥേലിനും കോബ്ഷ ഗ്രാമത്തിനും ഇടയിലുള്ള സ്ഥലത്താണ് വെടിവയ്പുണ്ടായത്. ഒരു ഇന്ത്യന്‍ റിസര്‍വ് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ രണ്ട് കുക്കി വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9:30 ന് ലെയ്‌ലോണ്‍ വൈഫേയ്ക്കും ഖരം വൈഫേയ്ക്കും ഇടയിലാണ് സംഭവം. ഖുങ്കോ ഗ്രാമത്തിലെ ലുങ്കോംഗം ഹാങ്ഷിംഗിന്റെ മകന്‍ തങ്മിന്‍ലുന്‍ ഹാങ്ഷിംഗും മിഷന്‍ വെങ് ലെയ്മഖോങ്ങിലെ ലുന്തിന്‍ലാല്‍ വൈഫേയുടെ മകന്‍ ഐആര്‍ബി ഉദ്യോഗസ്ഥരായ ഹെന്‍മിന്‍ലെന്‍ വൈഫേയുമാണ് കൊല്ലപ്പെട്ടത്.

    എന്നാല്‍, കുക്കിസോ സമുദായംഗങ്ങളെ പ്രകോപനമില്ലാതെ ആക്രമിക്കുകയാണെന്ന് ആരോപിച്ച് ജില്ലയില്‍ ബന്ദിന് കുക്കി ആദിവാസി സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ വ്യാപാര സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടാന്‍ ആഹ്വാനം ചെയ്തു. സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത 48 മണിക്കൂര്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. മെയ് ആദ്യം മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയതു മുതല്‍ നിരവധി തവണ ഇവിടെ വെടിവയ്പുണ്ടായിരുന്നു. കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്നും ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    കുക്കിസോ സമുദായത്തിനു നേരെയുണ്ടായ 'പ്രകോപനരഹിതമായ ആക്രമണത്തെ' അപലപിക്കുന്നതായും കാങ്്‌പോക്പി ജില്ലയില്‍ അടിയന്തരമായി പണിമുടക്കിന് ആഹ്വാനം ചെയ്തതായും കാങ്‌പോക്പി ആസ്ഥാനമായുള്ള ഗോത്ര യൂനിറ്റി കമ്മിറ്റി(സിഒടിയു) അറിയിച്ചു. ആദിവാസികള്‍ക്ക് പ്രത്യേക ഭരണസംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മോട്ട്ബങ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുശോചന ചടങ്ങിന് മുമ്പ് കൊല്ലപ്പെട്ടവപുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മോട്ട്ബംഗ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കാങ്‌പോക്പി ജില്ലയിലെ ഫൈജാങ് ഗ്രാമത്തിലെ രക്തസാക്ഷി സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതിന് മുമ്പ് കുക്കിസോ സന്നദ്ധപ്രവര്‍ത്തകര്‍ തോക്ക് കൊണ്ട് അഭിവാദ്യം നല്‍കി. മൃതദേഹഭങ്ങള്‍ അനുഗമിക്കാന്‍ നൂറുകണക്കിന് കുക്കിസോ വിഭാഗക്കാരാണ് സ്ഥലത്തെത്തിയത്. ലജ്ജാകരവും പ്രാകൃതവുമായ ആക്രമമാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും സിഒടിയു ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി സെക്രട്ടറി താങ്ടിന്‍ലെന്‍ ഹയോകിപ് പറഞ്ഞു. ഇരകള്‍ക്ക് നീതി ലഭിക്കാന്‍ സിബിഐ അന്വേഷിക്കണം. കുക്കിസോ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

    പട്ടികവര്‍ഗ(എസ്ടി) പദവി വേണമെന്ന മെയ്‌തേയ് ഹിന്ദു സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതുവരെ ആക്രമണത്തില്‍ 180 ലധികം ആളുകള്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 53 ശതമാനവും ഇംഫാല്‍ താഴ്‌വരയിലാണ് താമസിക്കുന്നത്. അതേസമയം നാഗകളും കുക്കികളും ഉള്‍പ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ 40 ശതമാനവും പ്രധാനമായും മലയോര ജില്ലകളിലാണ് താമസിക്കുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം തലസ്ഥാനമായ ഇംഫാലിലെ ബിര്‍ തികേന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് മണിക്കൂറോളം വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. ഉടനെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ), ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്), മറ്റ് അധികാരികള്‍ എന്നിവരെ അറിയിച്ചു. വൈകീട്ട് നാലരയോടെ ഇതിനെ കാണാതാവുകയും ചെയ്തു. ഡിജിസിഎയില്‍ നിന്നും ഐഎഎഫില്‍ നിന്നും അനുമതി ലഭിച്ചതിന് ശേഷം വൈകീട്ട് 6:20 ഓടെ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചത്. ദുരൂഹ വസ്തു കണ്ടതിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടപ്പോള്‍ മൂന്ന് വിമാനങ്ങള്‍ വൈകിയിരുന്നു.

Tags:    

Similar News