മണിപ്പൂരില്‍ കുടുങ്ങിയവരില്‍ മലയാളി വിദ്യാര്‍ഥികളും; നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിതനീക്കം

Update: 2023-05-06 05:48 GMT

ന്യൂഡല്‍ഹി: കലാപം അരങ്ങേറിയ മണിപ്പൂരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക അധികൃതര്‍ ഊര്‍ജ്ജിതനീക്കത്തില്‍. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ വി തോമസും, നോര്‍ക്ക അധികൃതരും ഇടപെട്ടാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ആകെ ഒമ്പത് മലയാളി വിദ്യാര്‍ഥികളാണ് മണിപ്പൂരില്‍ കുടുങ്ങിയതെന്നാണ് റിപോര്‍ട്ട്. ഇതില്‍ മൂന്നുപേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരും കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ നിന്ന് രണ്ടുപേര്‍ വീതവും പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോ വിദ്യാര്‍ഥികളുമാണ് ഉള്ളതെന്നാണ് വിവരം. ഇവരെ തിങ്കളാഴ്ച ഇംഫാലില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിച്ച ശേഷം ബെംഗളൂരുവില്‍ എത്തിക്കാനാണ് നീക്കം നടക്കുന്നത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.15ന് ഇംഫാലില്‍ നിന്ന് തിരിക്കുന്ന എയര്‍ ഏഷ്യാ വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തിക്കും. തുടര്‍ന്ന് രാത്രി 9.30ന് ബെംഗളൂരുവിലെത്തിക്കാനാണ് തീരുമാനം.

Tags:    

Similar News