ജനമനസ്സ് ആരുടെയെങ്കിലും 'കോന്തലയ്ക്കല്‍' കെട്ടിയിട്ടതല്ല: മുഖ്യമന്ത്രി

എല്‍ഡിഎഫിന്റെ ജനകീയാടിത്തറ കൂടുതല്‍ ശക്തമായി. എല്‍ഡിഎഫിന്റെ വോട്ടും വര്‍ധിച്ചു. ഇത് ഇടതുപക്ഷസര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണ്. നമ്മുടെ സംസ്ഥാനത്ത് ജാതി, മത സങ്കുചിത ശക്തികള്‍ക്ക് വേരോട്ടമില്ലെന്നും ആ ശക്തികള്‍ക്ക് മേല്‍ മതനിരപേക്ഷ രാഷ്ട്രീയം വന്‍ വിജയം നേടുന്നുവെന്നുമാണ് ഉപതെരഞ്ഞെടുപ്പ് അടയാളപ്പെടുത്തുന്നത്.

Update: 2019-10-24 12:18 GMT

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും ജനമനസ്സ് ആരുടെയെങ്കിലും 'കോന്തലയ്ക്കല്‍' കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിടത്തൊഴികെ കനത്ത ഭൂരിപക്ഷം യുഡിഎഫിന് തുടര്‍ച്ചയായി ലഭിക്കുന്ന മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏത് കൊടുങ്കാറ്റിലും ഉലയാത്ത കോട്ടയായാണ് യുഡിഎഫ് ഇവയെ കണ്ടിരുന്നത്.

ആറില്‍ മൂന്നിടത്ത് എല്‍ഡിഎഫ് ജയിച്ചിരിക്കുന്നു. അരൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനായില്ല. അത് വിശദമായി പരിശോധിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 91 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് 93 ആയി ഉയര്‍ന്നുവെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിന്റെ ജനകീയാടിത്തറ കൂടുതല്‍ ശക്തമായി. എല്‍ഡിഎഫിന്റെ വോട്ടും വര്‍ധിച്ചു. ഇത് ഇടതുപക്ഷസര്‍ക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണ്. നമ്മുടെ സംസ്ഥാനത്ത് ജാതി, മത സങ്കുചിത ശക്തികള്‍ക്ക് വേരോട്ടമില്ലെന്നും ആ ശക്തികള്‍ക്ക് മേല്‍ മതനിരപേക്ഷ രാഷ്ട്രീയം വന്‍ വിജയം നേടുന്നുവെന്നുമാണ് ഉപതെരഞ്ഞെടുപ്പ് അടയാളപ്പെടുത്തുന്നത്.

വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വളരില്ല. പാല ആവര്‍ത്തിക്കുക തന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് നേടിയ വിജയം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി എന്താണെന്നതിന്റെ ദിശാസൂചകമാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടതുസ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായ മണ്ഡലമാണിത്. ഇവിടെയാണ് എല്‍ഡിഎഫിന് വന്‍കുതിപ്പ് സാധ്യമായത്. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിലടക്കം എല്‍ഡിഎഫ് വന്‍മുന്നേറ്റമുണ്ടാക്കി. നാട്ടിലെ യുവതയുടെ ആവേശം ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞതവണ യുഡിഎഫിന് വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷത്തേക്കാള്‍ 10881 വോട്ട് ലഭിച്ചു. ഇപ്പോള്‍ അത് മറികടന്ന് 14465 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ എല്‍ഡിഎഫിന് സാധിച്ചു. കോന്നിയില്‍ അടൂര്‍പ്രകാശ് 20748 വോട്ടിനാണ് ജയിച്ചത്. അവിടെ ജനീഷ് കുമാര്‍ 9953 വോട്ടിന് ജയിച്ചു. ബിജെപി സീറ്റുകള്‍ നേടും എന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയെയും അതിന്റെ വര്‍ഗീയ അജണ്ടകളെയും കേരളജനത തള്ളിക്കളഞ്ഞു എന്നാണ് ജനവിധി വ്യക്തമാക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ രണ്ടാമതുണ്ടായ അവര്‍ ഇപ്പോള്‍ മൂന്നാമതായി. ഫലപ്രദമായൊരു ത്രികോണ മത്സരം നടത്താന്‍ പോലും അവര്‍ക്കായില്ല.

ലോകസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൃത്രിമമായ ഒരു പ്രതീതി ഉണ്ടാക്കാനായി. എന്നാല്‍ അത് താല്‍ക്കാലികം മാത്രമാണെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയിരുന്നു. ശക്തമായി തിരിച്ചുവരുമെന്ന് അന്നുതന്നെ ഇടതുപക്ഷം പറഞ്ഞിരുന്നു. അതാണ് അക്ഷരം പ്രതി ശരിയായത് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാരിന്റെ നവകേരള നിര്‍മിതിക്കായുള്ള പ്രയത്‌നങ്ങള്‍ക്ക് വിജയം കൂടുതല്‍ ആവേശം നല്‍കുന്നു. യുഡിഎഫിനെ അപ്രസക്തമാക്കുന്നതാണ് ജനവിധി. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം പുറംകരാര്‍ നടക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. 3673 വോട്ടുകള്‍ക്കാണ് എറണാകുളത്ത് ഡിസിസി പ്രസിഡന്റുകൂടിയായ സ്ഥാനാര്‍ഥി ജയിക്കുന്നത്. ജയിച്ചെങ്കിലും യുഡിഎഫിന് വന്‍വോട്ടുചോര്‍ച്ചയുണ്ടായി.

അഖിലേന്ത്യാ തലത്തില്‍ ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയാണ്. ഹരിയാനയില്‍ അവരുടെ 'മിഷന്‍ 75' പദ്ധതി തകര്‍ന്നു. കേവലഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. എക്‌സിറ്റ്‌പോളുകളെ അപ്രസക്തമാക്കി. ആര്‍എസ്എസ് നയിക്കുന്ന ബിജെപി കടുത്ത ജന രോഷത്തിന് വിധേയമാവുകയാണ്. എന്നാല്‍ കേരളത്തില്‍ ഇടത്പക്ഷ സര്‍ക്കാരിനുള്ള ജനപിന്തുണയാണ് ജനം നല്‍കിയത്. സര്‍ക്കാര്‍ എന്ന നിലയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കും.

എല്ലാവിധ ദുഷ്പ്രചരണങ്ങളെയും തള്ളിക്കളഞ്ഞ് സര്‍ക്കാരിനും ഇടതുപക്ഷത്തിനും പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിജയികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Tags: