'ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല' ബിജെപി സ്ഥാനാർത്ഥിത്വം നിരസിച്ച് മണിക്കുട്ടന്‍
'ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല' എന്ന അംബേദ്കര്‍ സൂക്തം പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്‍ ബിജെപിക്ക് മറുപടി നല്‍കിയിരിക്കുന്നത്.
കോഴിക്കോട്: മാനന്തവാടി നിയോജക മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയായി ഡല്‍ഹിയില്‍ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെ ബിജെപിയെ ശക്തമായി കടന്നാക്രമിച്ച് മണിക്കുട്ടന്‍ രംഗത്തെത്തി. 'ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല' എന്ന അംബേദ്കര്‍ സൂക്തം പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്‍ ബിജെപിക്ക് മറുപടി നല്‍കിയിരിക്കുന്നത്.
Posted by Manikuttan Paniyan on Sunday, 14 March 2021
മണിക്കുട്ടന്റെ സമ്മതമില്ലാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മണിക്കുട്ടന്റെ പേര് പ്രഖ്യാപിച്ചത്. ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത പണിയ ആദിവാസി സമുദായത്തില്‍ പെട്ടയാളാണ് മണിക്കുട്ടന്‍. ഈ വിഭാഗത്തില്‍ നിന്നുള്ള ആദ്യ എംബിഎ കാരന്‍ കൂടിയാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ടീച്ചിങ് അസിസ്റ്റന്റ് മണിക്കുട്ടന്‍.
ഇന്നേവരെ ഇടതുവലതു മുന്നണികള്‍ പണിയ സമുദായത്തില്‍ നിന്നൊരാളെയും നിയമസഭയിലേക്കോ ലോകസഭയിലേക്കോ സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല. ഈ സാഹചര്യം മുതലെടുക്കാനാണ് ബിജെപി ശ്രമിച്ചതെങ്കിലും താന്‍ ബിജെപി അനുഭാവിയല്ലെന്നും തൊഴിലെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും മണിക്കുട്ടന്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.