പഞ്ചാബിലെ ഇന്റലിജന്‍സ് ആസ്ഥാനത്തെ ആക്രമണം: ഒരാള്‍ കസ്റ്റഡിയില്‍

Update: 2022-05-11 05:12 GMT

ന്യൂഡല്‍ഹി: പഞ്ചാബ് മൊഹാലിയിലെ ഇന്റലിജന്‍സ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) തൊടുത്തുവിട്ടവര്‍ക്കു സഹായങ്ങള്‍ നല്‍കിയ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. തിരച്ചിലില്‍ രണ്ട് പ്രതികളെക്കൂടി പിടികൂടിയതായി സംസ്ഥാന പോലിസ് പറഞ്ഞതിനു പിന്നാലെയാണ് ഏറ്റവും പുതിയ കസ്റ്റഡിയുണ്ടായിരിക്കുന്നത്. ഫരീദ്‌കോട്ട് സ്വദേശിയായ നിഷാന്‍ സിങ് ആണ് കസ്റ്റഡിയിലായ ഒടുവിലത്തെ പ്രതിയെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മുഴുവന്‍ ഗൂഢാലോചനയും നടന്നത് എങ്ങനെയെന്ന വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഉടന്‍തന്നെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുമെന്നും പോലിസ് പറഞ്ഞു. ഇന്റലിജന്‍സ് വിങ് കെട്ടിടം ആക്രമിച്ച ആളുകള്‍ക്കു സ്ഥലത്തെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത് ഇയാളാണെന്നു പോലിസ് പറഞ്ഞു. ഏതാനും സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കേസ് ഉടന്‍ പരിഹരിക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് വി കെ ഭാവ്ര പ്രതികരിച്ചു. നിരവധി പ്രതികളെ പിടികൂടി ചോദ്യം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ലോഞ്ചര്‍ പോലിസ് കണ്ടെടുത്തു, കേസുമായി ലഭിച്ച എല്ലാ സൂചനകളും സൂക്ഷ്മമായി പിന്തുടരുകയാണ് മൊഹാലി പോലിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി 7:45ന് മൊഹാലിയിലെ സെക്ടര്‍ 77 ലെ അതീവ സുരക്ഷയുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്കാണ് റോക്കറ്റ് ലോഞ്ചറില്‍നിന്നു ഗ്രനേഡ് ആക്രമണമുണ്ടായത്, ഇതെത്തുടര്‍ന്നു പഞ്ചാബില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടെന്നും അവിടെ ചെന്നപ്പോള്‍ ഒരു മുറിയില്‍നിന്നു പുക ഉയരുന്നത് കണ്ടെന്നും സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഒരു പ്രൊജക്‌ടൈല്‍ ഭിത്തിയില്‍ ഇടിക്കുകയും ജനല്‍ പാളികള്‍ തകരുകയും ചെയ്തു.

ശേഷം സീലിംഗില്‍ ഇടിച്ചശേഷമാണ് ആര്‍പിജി കസേരയില്‍ വീണതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെക്കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചില ശക്തികള്‍ നിരന്തരം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിന്റെ അന്തരീക്ഷം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും വരും തലമുറകള്‍ ഓര്‍ക്കുന്ന കടുത്ത ശിക്ഷ അവര്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News