വിവാഹ ചടങ്ങിനിടെ 'ജയ് ശ്രീറാം' മുഴക്കി വെടിവയ്പ്പ്; മുന്‍ സര്‍പഞ്ച് കൊല്ലപ്പെട്ടു, ഹിന്ദുത്വസംഘടനകളുടെ പങ്ക് അന്വേഷിക്കുമെന്ന് പോലിസ് (വീഡിയോ)

ആക്രമണം നടത്തിയത് വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് റിപോര്‍ട്ടുകളുണ്ട്. വിഎച്ച്പി ബ്ലോക്ക് പ്രസിഡന്റ് ശൈലേന്ദ്ര ഓജയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഏതെങ്കിലും തീവ്രഹിന്ദുത്വ സംഘടനകളില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലിസ് അറിയിച്ചു.

Update: 2021-12-14 01:54 GMT

ഭോപാല്‍: മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ 'ജയ് ശ്രീറാം' മുഴക്കി അക്രമികള്‍ നടത്തിയ വെടിവയ്പ്പില്‍ മുന്‍ സര്‍പഞ്ച് കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം ജയിലില്‍ കഴിയുന്ന ആള്‍ദൈവം രാംപാലിന്റെ അനുയായികള്‍ സംഘടിപ്പിച്ച വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. അക്രമികളുടെ വെടിയേറ്റ് ഗുരുതരമായ പരിക്കേറ്റ മുന്‍ സര്‍പഞ്ച് ദേവിലാല്‍ മീണയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടന്‍തന്നെ രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. രണ്ട് തവണ സര്‍പഞ്ചായിട്ടുള്ള മീണയെ സംസ്ഥാന ഭരണകക്ഷിയായ ബിജെപി പിന്തുണച്ചിരുന്നു. വിവാഹത്തിന്റെ പ്രാഥമിക സംഘാടകന്‍ അദ്ദേഹമായിരുന്നു.

ആക്രമണം നടത്തിയത് വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് റിപോര്‍ട്ടുകളുണ്ട്. വിഎച്ച്പി ബ്ലോക്ക് പ്രസിഡന്റ് ശൈലേന്ദ്ര ഓജയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഏതെങ്കിലും തീവ്രഹിന്ദുത്വ സംഘടനകളില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലിസ് അറിയിച്ചു. ആക്രമണത്തില്‍ ഹിന്ദുത്വസംഘടനകളുടെ പങ്ക് അന്വേഷിക്കും. കേസില്‍ മൂന്നുപേരെ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വൈകീട്ട് നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ഹരിയാന സ്വദേശിയായ രാംപാല്‍ അഞ്ച് സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഇത്തരം വിവാഹങ്ങള്‍ 'നിയമവിരുദ്ധമായാണ്' സംഘടിപ്പിക്കുന്നതെന്നാരോപിച്ചാണ് ആയുധധാരികള്‍ ചടങ്ങില്‍ ആക്രമണം നടത്തിയതെന്ന് ലോക്കല്‍ പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അമിത് വര്‍മ പറഞ്ഞു. രാമെയ്‌നി എന്ന പേരില്‍ 17 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വ്യത്യസ്തമായ വിവാഹ ചടങ്ങാണ് നടന്നതെന്ന് രാംപാലിന്റെ അനുയായികള്‍ പറയുന്നു. ഇത്തരമൊരു വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്നാരോപിച്ചായിരുന്നു ആക്രമണം.

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷം പതിഞ്ഞിട്ടുണ്ട്. മുണ്ടങ്കമ്പുകളും വടികളും ഉപയോഗിച്ച് വിവാഹത്തിനെത്തിയവരെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവാഹത്തിനെത്തിയ ജനക്കൂട്ടം പരിഭ്രാന്തരായി അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നുമുണ്ട്. ചുവന്ന ഓവര്‍കോട്ടും സണ്‍ഷെയ്ഡ് ഗ്ലാസും ധരിച്ച അക്രമി തോക്ക് ചൂണ്ടുന്നത് വീഡിയോകളില്‍ കാണാം. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒടുവില്‍ വിവാഹത്തിനെത്തിയവര്‍ ചേര്‍ന്നാണ് അക്രമികളെ ഓടിച്ചത്. തിരിച്ചറിഞ്ഞ 11 പേര്‍ക്കെതിരെയും അല്ലാത്തവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇവരില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നുമാണ് പോലിസിന്റെ വിശദീകരണം.

Tags:    

Similar News