നാലു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു

ഞായറാഴ്ച വൈകീട്ട് വീട്ടില്‍ പണം പിരിക്കാനെത്തിയപ്പോള്‍ തനിച്ചായിരുന്ന നാലു വയസ്സുകാരിയെ ജവഹര്‍ വൈദ്യ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു

Update: 2019-12-02 02:09 GMT

നാഗ് പൂര്‍: നാലു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരനെ ആള്‍ക്കൂട്ടം നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ നാഗ് പൂരിനു സമീപം പാര്‍ഡി ഏരിയയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ജവഹര്‍ വൈദ്യ എന്നയാളെയാണ് കൈകള്‍ കയറുകൊണ്ട് കെട്ടി മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചത്. ഇതിനു ശേഷം ഇയാളെ പോലിസിനു കൈമാറുകയായിരുന്നു. സഹകരണ സംഘത്തിന്റെ പണം പിരിക്കുന്ന ജോലിക്കാരനാണ് ജവഹര്‍ വൈദ്യ. പെണ്‍കുട്ടിയുടെ വീട്ടിലും എല്ലാദിവസവും പണം പിരിക്കാനെത്താറുണ്ട്. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ പണം പിരിക്കാനെത്തിയപ്പോള്‍ തനിച്ചായിരുന്ന നാലു വയസ്സുകാരിയെ ജവഹര്‍ വൈദ്യ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊടുന്നനെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ മാതാവാണ് സംഭവം കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ അയല്‍വാസികളെത്തിയാണ് പ്രതിയെ പിടികൂടിയതെന്നു പോലിസ് പറഞ്ഞു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തുകയും യുവാവിനെ മര്‍ദ്ദിക്കുകയും നഗ്നനാക്കി കെട്ടിയിട്ട് തെരുവിലൂടെ നടത്തിക്കുകയുമായിരുന്നു. പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരവും ഐപിസി വകുപ്പുകള്‍ പ്രകാരവും പാര്‍ഡി പോലിസ് കേസെടുത്തു.





Tags:    

Similar News