ബലാല്‍സംഗം ചെറുത്ത ബാലികയെ അയല്‍വാസി കൊലപ്പെടുത്തി; പിതാവ് ആത്മഹത്യ ചെയ്തു

Update: 2021-03-14 03:15 GMT

ന്യൂഡല്‍ഹി: ബലാല്‍സംഗം ചെറുത്ത ബാലികയെ അയല്‍വാസി കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു പിന്നാലെ ഇരയുടെ പിതാവ് മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തു. കേന്ദ്രഭരണ പ്രദേശമായ ദാദ്രയിലെ നാഗര്‍ ഹവേലിയിലുണ്ടായ സംഭവത്തില്‍ ജാര്‍ഖണ്ഡ് ധാന്‍ബാദ് സ്വദേശി സന്തോഷ് രജതി(30)നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി ടോയ്‌ലറ്റിന് സമീപം വലിച്ചെറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് ദാരുണ സംഭവം.

    ഫഌറ്റിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി തന്റെ അപാര്‍ട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പേടിച്ച് പെണ്‍കുട്ടി നിലവിളിച്ചതോടെ ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഇതിനു ശേഷം മൃതദേഹം ചാക്കിലാക്കി ജനലിലൂടെ പുറത്തേക്കെറിയുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പോലിസില്‍ പരാതി നല്‍കി. സമീപത്തെ 40ഓളം ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് സന്തോഷ് രജതിന്റെ അപാര്‍ട്ട്‌മെന്റിലെ ടോയ്‌ലറ്റില്‍ രക്തക്കറ കണ്ടെത്തിയത്. തുടര്‍പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ പോലിസിനു മുന്നില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

    മകളുടെ മൃതദേഹം കണ്ട് മാനസിക വിഷമത്തിലായിരുന്ന പിതാവ് അണുനാശിനി കഴിച്ചാണ് ആത്മഹത്യ ചെയ്തത്. പ്രതി കഴിഞ്ഞ നാലു വര്‍ഷത്തോളമായി വിവിധ ഫാക്ടറില്‍ ജോലിചെയ്തു വരികയായിരുന്നു. സന്തോഷ് രജതിനെതിരെ പോക്‌സോ, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു.

Man kills 4-year-old for resisting rape, victim's father commits suicide

Tags: