മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച കേസ്; പ്രതി ആദിത്യ റാവുവിന് 20 വര്‍ഷം കഠിന തടവ്

മംഗളൂരു സ്വദേശിയായ ആദിത്യറാവുവിനെയാണ് യുഎപിഎ നിയമപ്രകാരം കോടതി ശിക്ഷിച്ചത്. 2020 ജനുവരി 20ന് എയര്‍പോര്‍ട്ട് ഗേറ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്.

Update: 2022-03-17 09:48 GMT

ബംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് സമീപം സ്‌ഫോടക വസ്തു സ്ഥാപിച്ച കേസില്‍ മംഗളൂരു സ്വദേശിയെ കര്‍ണാടക കോടതി 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. മംഗളൂരു സ്വദേശിയായ ആദിത്യറാവുവിനെയാണ് യുഎപിഎ നിയമപ്രകാരം കോടതി ശിക്ഷിച്ചത്. 2020 ജനുവരി 20ന് എയര്‍പോര്‍ട്ട് ഗേറ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. ഉടന്‍തന്നെ ബോംബ് സ്‌ക്വാഡ് ബോംബ് നിര്‍വീര്യമാക്കി. സംഭവത്തിന് നടന്ന് രണ്ടുദിവസത്തിന് ശേഷം ആദിത്യറാവു പോലിസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ സെക്ഷന്‍ 16 പ്രകാരം മംഗലാപുരത്തെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റാവുവിന് 20 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസത്തെ തടവ് കൂടി അനുഭവിക്കണം. കൂടാതെ, 1908ലെ എക്‌സ്‌പ്ലോസീവ് സബ്സ്റ്റാന്‍സസ് ആക്ട് സെക്ഷന്‍ 4 പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും അനുഭവിക്കണം. രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. കേസ് അന്വേഷിച്ച മംഗളൂരു പോലിസ് 2020 ജൂണിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2020 ജനുവരി 20ന് ആദിത്യറാവു മംഗളൂരു എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കെട്ടിടത്തിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപം ബോംബ് അടങ്ങിയ ബാഗ് വച്ച ശേഷം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി നിര്‍വീര്യമാക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെയാണ് ബോംബ് കൊണ്ടുവച്ചത് ആദിത്യറാവുവാണെന്ന് വ്യക്തമായത്. പിന്നീട് ബംഗളൂരുവിലെ സംസ്ഥാന പോലിസ് ഡയറക്ടര്‍ ജനറലിന്റെ ഓഫിസില്‍ ആദിത്യറാവു കീഴടങ്ങുകയായിരുന്നു

Tags: