രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

മധ്യപ്രദേശിലെ അചല്‍പൂര്‍ സ്വദേശി ബാബുലാല്‍ ഭില്‍ എന്നയാളെയാണ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന പിന്റു എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2021-06-14 11:52 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ചിറ്റോഗഡില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ അചല്‍പൂര്‍ സ്വദേശി ബാബുലാല്‍ ഭില്‍ എന്നയാളെയാണ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന പിന്റു എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയ 'ആള്‍ക്കൂട്ടം' ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രാജസ്ഥാനിലെ ബേഗുവില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് കുറച്ചുപേരെ കസ്റ്റഡിയിലെടുത്തതായി പോലിസ് പറഞ്ഞു.

രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്താണ് പശുക്കടത്താരോപിച്ച് രണ്ടുപേരെ 'ആള്‍ക്കൂട്ടം' ആക്രമിച്ചത്. പശുക്കളുമായി വന്ന വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം ഇരുവരെയും പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പോലിസെത്തിയാണ് ഇരുവരെയും ആശുപത്രിയിലത്തിച്ചത്. എന്നാല്‍, ചികില്‍സയിലിരിക്കെ ബാബുലാല്‍ മരിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും മറ്റു രേഖകളും അക്രമികള്‍ കവര്‍ന്നതായി ഉദയ്പൂര്‍ റെയ്ഞ്ച് ഐജി സത്യവീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഒരുകൂട്ടം ആളുകള്‍ വാഹനത്തില്‍ പശുക്കളെ കൊണ്ടുപോവുകയായിരുന്ന രണ്ടുപേരെ മര്‍ദ്ദിക്കുന്നുവെന്ന് അര്‍ധരാത്രിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചു.

ഞങ്ങള്‍ സംഭവസ്ഥലത്തെത്തുമ്പോള്‍ സമീപത്തെ റെയ്ത്തി ഗ്രാമത്തില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നുമുള്ള ആളുകള്‍ രണ്ടുപേരെ ആക്രമിക്കുന്നത് കണ്ടു. പോലിസെത്തിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ഞങ്ങള്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ബാബു മരണപ്പെട്ടു. പിന്റുവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. കൂടുതല്‍ അന്വേഷണം നടത്താന്‍ പോലിസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇപ്പോള്‍ അന്വേഷണം ശരിയായി നടക്കുകയാണ്. പ്രതികളെയൊന്നും ഒഴിവാക്കില്ല. കുറച്ചാളുകളെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News