പശുവിറച്ചി കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂരമര്‍ദ്ദനം; മാരകായുധങ്ങളുമായി ആക്രമിച്ചത് പോലിസ് നോക്കിനില്‍ക്കെ

പോലിസും ഡസന്‍കണക്കിന് ആളുകളും നോക്കിനില്‍ക്കെയാണ് ഗോരക്ഷാ സംഘം നിയമം കയ്യിലെടുത്ത് അഴിഞ്ഞാടിയത്.

Update: 2020-08-01 01:48 GMT

ന്യൂഡല്‍ഹി: പശുവിറച്ചി കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിന് ഗോരക്ഷാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. പോലിസും ഡസന്‍കണക്കിന് ആളുകളും നോക്കിനില്‍ക്കെയാണ് ഗോരക്ഷാ സംഘം നിയമം കയ്യിലെടുത്ത് അഴിഞ്ഞാടിയത്. രാജ്യതലസ്ഥാനത്തിന് സമീപം ഗുഡ്ഗാവിലാണ് ബഹുരാഷ്ട്ര സോഫ്റ്റ് വെയര്‍ കമ്പനിയുടെ ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വച്ചാണ് നിരവധി പേര്‍ നോക്കി നില്‍ക്കെ ഒരു സംഘം യുവാവ് സഞ്ചരിച്ച പിക്കപ്പ് വാന്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ പുറത്തേക്ക് വലിച്ചിഴച്ച് ഹാമര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ നിയമത്തെ നോക്കുകുത്തിയാക്കി അക്രമികള്‍ താണ്ഡവമാടിയത്.

നൂഹ് സ്വദേശിയായ ലുക്മാനാണ് ആക്രണത്തിനിരയായത്. എട്ടു കിലോമീറ്ററോളം പിക്ക് അപ്പ് വാനിനെ പിന്തുടര്‍ന്ന അക്രമികള്‍ ഗുഡ്ഗാവില്‍വച്ച് വണ്ടി തടഞ്ഞുനിര്‍ത്തി ലുക്മാനെ പുറത്തേക്ക് വലിച്ചെടുത്ത് ഹാമര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.


ഈ സമയം പോലിസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇവിടെയും ദാദ്രിയുടെ തനിയാവര്‍ത്തനമാണ് സംഭവിച്ചത്. അക്രമികളെ തടഞ്ഞ് യുവാവിനെ രക്ഷിക്കുന്നതിന് പകരം മാംസം ലാബിലേക്ക് അയക്കുന്ന തിരക്കിലായിരുന്നു പോലിസെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.മനസാക്ഷിയെ നടക്കുന്ന ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കടുത്ത മര്‍ദ്ദനത്തില്‍ തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റ് ചോരവാര്‍ന്നൊലിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോയില്‍ അക്രമി സംഘത്തെ വ്യക്തമായി കാണിക്കുന്നുണ്ടെങ്കിലും ഒരാളെ മാത്രമാണ് പോലിസ് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്.

മൃതപ്രായനായ ലുക്മാനെ പിക്ക് അപ്പ് ട്രക്കില്‍ കയറ്റി ഗുഡ്ഗാവിലെ ബാഡ്ഷാപൂര്‍ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോയി അവിടെവെച്ചും അക്രമികള്‍ മര്‍ദ്ദിച്ചു. ഗുരുതര പരിക്കുകളോട് ലുക്മാന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ലുക്മാന്റെ പരാതിയില്‍ അജ്ഞാത വ്യക്തികള്‍ക്കെതിരെ കേസെടുക്കുകയും രാജീവ് നഗര്‍ സ്വദേശിയായ പ്രദീപ് യാദവ് (26) നെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഗുഡ്ഗാവ് പോലിസ് പിആര്‍ഒ സുഭാഷ് ബോകന്‍ പറഞ്ഞു.

അക്രമികള്‍ക്കെതിരേ കലാപം, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പോലിസ് പറഞ്ഞു. അതേസമയം, വാഹനത്തില്‍ കൊണ്ടുപോയത് പോത്തിറച്ചിയാണെന്നും 50 വര്‍ഷമായി ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും വാഹന ഉടമ പറഞ്ഞു.

Tags:    

Similar News