തന്റെ ജീവിതം ആരുടെയും ഔദാര്യത്തിലല്ല: അമിത് ഷായ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമതാ

മമത സ്വന്തം ചിത്രങ്ങള്‍ ചിട്ടി ഫണ്ട് മുതലാളിമാര്‍ക്ക് വിറ്റ് കോടികള്‍ സമ്പാദിക്കുകയാണെന്നുള്ള അമിത് ഷായുടെ ആരോപണത്തിനെതിരേയാണ് മമത പൊട്ടിത്തെറിച്ചത്.

Update: 2019-02-01 12:43 GMT

കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ പൊട്ടിത്തെറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ ജീവിക്കുന്നത് ആരുടെയും ഔദാര്യത്തിലല്ലെന്നു ചൂണ്ടിക്കാട്ടിയ മമത ചിത്രകല തനിക്ക് ഏറെ ഇഷ്ടമാണെന്നും അത് സാമ്പത്തിക ലാഭത്തിന് വേണ്ടി ഉപയോഗിക്കാറില്ലെന്നും വ്യക്തമാക്കി.

മമത സ്വന്തം ചിത്രങ്ങള്‍ ചിട്ടി ഫണ്ട് മുതലാളിമാര്‍ക്ക് വിറ്റ് കോടികള്‍ സമ്പാദിക്കുകയാണെന്നുള്ള അമിത് ഷായുടെ ആരോപണത്തിനെതിരേയാണ് മമത പൊട്ടിത്തെറിച്ചത്. താന്‍ ഏഴു തവണ എംപിയായിട്ടുണ്ട്. ഇന്ന് വരെ പെന്‍ഷനായി ഒരു നയാ പൈസ വാങ്ങിയിട്ടില്ല. എംഎല്‍എ എന്ന നിലയിലുള്ള അലവന്‍സ് എടുക്കാറില്ല. താന്‍ ചിത്രങ്ങള്‍ വരക്കാറുണ്ട്. പെയിന്റ് ചെയ്യുന്നത് അതിനോടുള്ള അഭിനിവേശം കൊണ്ടാണ്. പുറത്ത് വില്‍ക്കാറില്ല. പുസ്തകള്‍ എഴുതി കിട്ടുന്ന റോയല്‍റ്റി തുകയാണ് ഏക വരുമാന മാര്‍ഗമെന്നും മമത വ്യക്തമാക്കി.

ബംഗാള്‍ മതേതര സംസ്ഥാനമാണെന്നും അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ദുര്‍ഗ, സരസ്വതി പൂജകളും ക്രിസ്മസും ഈദും എല്ലാ ബംഗാളികള്‍ ആഘോഷിക്കാറുണ്ട്. സമാനതകളില്ലാത്ത ഒരുമയാണ് ഇക്കാര്യത്തില്‍ ബംഗാള്‍ ജനതക്കുള്ളതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, 2019-20ലെ ഇടക്കാല ബജറ്റ് സമ്പൂര്‍ണ പരാജയമാണെന്നും അവര്‍ പറഞ്ഞു.

Tags: