നന്ദിഗ്രാമില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് മമത

സ്വന്തം മണ്ഡലമായ ഭവാനിപുര ഉപേക്ഷിച്ചാണ് ഇത്തവണ ബിജെപി വെല്ലുവിളി നേരിടാന്‍ മമത നന്ദിഗ്രാം തെരഞ്ഞെടുത്തത്.

Update: 2021-03-10 10:22 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നന്ദിഗ്രാം മണ്ഡലത്തില്‍ നിന്നാണ് മമത ജനവിധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയാണ് എതിര്‍ സ്ഥാനാര്‍ഥി.ശിവക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് മമത നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. സ്വന്തം മണ്ഡലമായ ഭവാനിപുര ഉപേക്ഷിച്ചാണ് ഇത്തവണ ബിജെപി വെല്ലുവിളി നേരിടാന്‍ മമത നന്ദിഗ്രാം തെരഞ്ഞെടുത്തത്. താന്‍ തെരുവില്‍ പോരാടി വന്നയാളാണെന്നും നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം മമത പറഞ്ഞു.

എതിര്‍ സ്ഥാനാര്‍ഥി സുവേന്ദു അധികാരി വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നത്തെ തുടര്‍ന്നാണ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത്. താന്‍ നന്ദിഗ്രാമിന്റെ പുത്രനാണെന്നും എന്നാല്‍ മമത അന്യദേശക്കാരിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു. തനിക്ക് ഈ മണ്ഡലത്തില്‍ തന്നെയാണ് വോട്ട്. മമത മണ്ഡലത്തിലെ വോട്ടര്‍ പോലും അല്ലെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമില്‍ അരലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. ഇല്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു അവകാശപ്പെട്ടിരുന്നു.

Tags:    

Similar News