'ചില തെരുവു തെമ്മാടികള്‍ ഇവിടേക്ക് വരുന്നുണ്ട്'; അമിത് ഷായുടെ സന്ദര്‍ശനത്തിനെതിരേ മമത

പുറത്തുനിന്നുള്ള ചില തെരുവു തെമ്മാടികള്‍ ബംഗാളിലേക്ക് വരുന്നുണ്ട്. അവരാണ് ഇവിടെ ആര്‍എസ്എസിനെ കൊണ്ടുവരുന്നത്.

Update: 2020-12-09 16:29 GMT

കൊല്‍ക്കത്ത: ചില തെരുവു തെമ്മാടികള്‍ ഇവിടേക്ക് വരുന്നുണ്ടെന്ന് അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിനെതിരേ മമത ബാനർജി ആഞ്ഞടിച്ചു. ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യാ രജിട്രേഷനും ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മമത വീണ്ടും ആവര്‍ത്തിച്ചു. ബംഗാളിനെ ഗുജറാത്താക്കാന്‍ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

ബംഗാളിനെ ഗുജറാത്താക്കാനുള്ള ബിജെപിയുടെ ശ്രമം ഇവിടെ അനുവദിക്കില്ല. ബംഗാളില്‍ നിന്നും ആളുകളെ പുറത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇവിടെ ഞാന്‍ എന്‍ആര്‍സിയോ എന്‍പിആറോ നടപ്പിലാക്കില്ല. ഇവിടെ ആര് താമസിക്കണം എന്ന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുകയെന്ന് മമത പറഞ്ഞു. ഹിന്ദു അഭയാര്‍ത്ഥികള്‍ നിരവധിയായുള്ള പര്‍ഗാണ ലോക്‌സഭാ മണ്ഡലത്തില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

തിരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന കള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്നും മമത ബാനര്‍ജി ആരോപിച്ചു. പുറത്തുനിന്നുള്ള ചില തെരുവു തെമ്മാടികള്‍ ബംഗാളിലേക്ക് വരുന്നുണ്ട്. അവരാണ് ഇവിടെ ആര്‍എസ്എസിനെ കൊണ്ടുവരുന്നത്. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി പണം വാഗ്ദാനം ചെയ്യുകയാണ്. എനിക്കെതിരെയാണ് നിങ്ങള്‍ക്ക് പോരടിക്കേണ്ടതെങ്കില്‍, രാഷ്ട്രീയപരമായി പോരാടൂവെന്ന് മമത വെല്ലുവിളിച്ചു.