താക്കീത് നല്‍കിയിട്ടും സഹപ്രവര്‍ത്തകയെ ശല്യം ചെയ്തു; മലയാളി യുവാവിനെ നാടുകടത്തിയേക്കും

Update: 2025-08-08 17:21 GMT


ലണ്ടന്‍:
മൃഗശാലയില്‍ സഹപ്രവര്‍ത്തകയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത മലയാളി യുവാവിന് നാടുകടത്തല്‍ ഭീഷണി. പ്രണയാഭ്യര്‍ഥനയുമായി നിരന്തരം ശല്യം ചെയ്തതിനു പലതവണ താക്കീത് നല്‍കുകയും അറസ്റ്റ് ഉള്‍പ്പെടെ നടപടികളെടുക്കുകയും ചെയ്തിട്ടും പിന്മാറാത്തതിനാലാണു നടപടിക്ക് നീക്കം. യുകെയിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ആശിഷ് ജോസ് പോളി (24) നെതിരേയാണ് നടപടി.

മൃഗശാലയിലെ കഫേയില്‍ ഇയാള്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നുണ്ട്. നിലവില്‍ 6 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആശിഷ് പോള്‍ ഇനിയും യുവതിയെ ശല്യപ്പെടുത്തിയാല്‍ ശിക്ഷ 5 വര്‍ഷമായി ഉയരാം. ആശിഷിന്റെ വിസ കാലാവധി സെപ്റ്റംബര്‍ 13 ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ നാടുകടത്തുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള 6 മാസത്തിനിടയില്‍ പല തരത്തിലും തന്നെ ഇയാള്‍ ഉപദ്രവിച്ചതായി യുവതി പറയുന്നു. നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും പൂക്കളും ചോക്കലേറ്റുകളും നല്‍കുകയും വിവാഹാഭ്യാര്‍ഥന നടത്തുകയും ചെയ്തതോടെ നല്‍കുകയും ചെയ്തു. ഇതോടെ, യുവതി ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. യുവതിയുടെ പരാതിയില്‍ ഈ വര്‍ഷം പലതവണ അറസ്റ്റിലായ ഇയാള്‍ക്ക് യുവതിയെ ശല്യം ചെയ്യരുതെന്നും മൃഗശാലയില്‍ പോകരുതെന്നുമുള്ള നിബന്ധനകളോടെയാണു ജാമ്യം നല്‍കിയത്.

എന്നാല്‍, ഈ വ്യവസ്ഥകളെല്ലാം ലംഘിച്ചു. ആശിഷ് ജോസ് പോളിന്റെ ശല്യം ചെയ്യല്‍ കാരണം തനിച്ചായിരിക്കുമ്പോള്‍ ഭയം തോന്നാറുണ്ടെന്ന് യുവതി പറയുന്നു, സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്റെ സുരക്ഷയെക്കുച്ച് ആശങ്കപ്പെടുന്നുണ്ടെന്നും യുവതി. ആശിഷ് മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇതേ ആളാണു കുടുംബത്തിലെ പ്രധാന വരുമാനമാര്‍ഗമെന്നു പറയുന്നതില്‍ വൈരുധ്യമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.