റിഫയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കും

കോഴിക്കോട് തഹസിൽദാറുടെ മേൽനോട്ടത്തിൽ പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽനിന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ഫോറൻസിക് വിദഗ്ധരുമാണ് മൃതദേഹം പുറത്തെടുത്തത്.

Update: 2022-05-07 14:06 GMT

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ശ്വാസം മുട്ടിച്ചാണോ അതോ വിഷ പദാർത്ഥങ്ങൾ ഉളളിൽ ചെന്നാണോ മരണം സംഭവിച്ചത് എന്നറിയാനുളള പരിശോധനയാണ് പുരോഗമിക്കുന്നത്. തലയോട്ടിക്കുൾപ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്. റിഫയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും.

കോഴിക്കോട് തഹസിൽദാറുടെ മേൽനോട്ടത്തിൽ പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽനിന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ഫോറൻസിക് വിദഗ്ധരുമാണ് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടപടികൾ നടന്നത്. ആന്തരികാവയവങ്ങളുടെ സാംപിളുകൾ ശേഖരിച്ച ശേഷം മൃതദേഹം മറവ് ചെയ്യാൻ വിട്ടുനൽകി. എംബാം ചെയ്തതിനാൽ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ല.

മാർച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ദുബയിൽ പോസ്റ്റ്‌മോർട്ടം നടത്തിയെന്ന് പറഞ്ഞ് ഭർത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം പറയുന്നു. റിഫയുടെ കുടുംബം നൽകിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.