മലയാളികളായ ദമ്പതിമാരും സുഹൃത്തായ അധ്യാപികയും അരുണാചലിലെ ഹോട്ടലില്‍ മരിച്ചനിലയില്‍

Update: 2024-04-02 12:00 GMT
ഇറ്റാനഗര്‍/ തിരുവനന്തപുരം: മലയാളികളായ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.

മാര്‍ച്ച് 26-നാണ് മൂവരും കേരളത്തില്‍നിന്ന് അരുണാചലിലേക്ക് പോയത്. 27-ാം തിയ്യതി ആര്യയെ കാണാനില്ലെന്ന് പിതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മൂവരും മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരമറിഞ്ഞത്.വട്ടിയൂര്‍ക്കാവ് സ്വദേശിയായ ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ്. മാര്‍ച്ച് 26-ന് കേരളത്തില്‍നിന്ന് പോയ മൂവരും 28-നാണ് ജിറോയിലെ ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം.ലോവര്‍ സുബാന്‍സിരി ജില്ലയിലെ ജിറോ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ജിറോയിലെ ഹോട്ടല്‍മുറിയിലാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്. പൂജ്യം ഡിഗ്രിക്കും താഴെ താപനില അനുഭവപ്പെടുന്ന സ്ഥലമാണ് ജിറോ.