ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങി; വൈകീട്ട് അഞ്ചിനകം ഒഴിയാന്‍ അന്ത്യശാസനം

Update: 2020-03-21 07:49 GMT

ക്വാലാലംപൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 400ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ട്. മാര്‍ച്ച് 16 മുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇവരോട് ശനിയാഴ്ച വൈകീട്ട് അഞ്ചിനകം വിമാനത്താവളം ഒഴിയണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ എംബസി ഇടപെട്ട് തങ്ങളെ രക്ഷപ്പെടുത്തണമെന്നാണ് സംഘത്തിലെ മലയാളികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. നിരവധിതവണ എംബസി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു മലയാളികള്‍ ആരോപിച്ചു.

    ക്വാലാലംപൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ കഴിയുന്നവരില്‍ 25ലേറെ മലയാളികളാണുള്ളത്. മുതിര്‍ന്ന പൗരന്‍മാരും കൊച്ചു കുട്ടികളും വിദ്യാര്‍ഥികളും ഇവരോടൊപ്പമുണ്ട്. മാത്രമല്ല, വിസ കാലാവധി കഴിഞ്ഞവരുമുണ്ട്. മലേസ്യയില്‍ വൈറസ് ബാധയില്‍ കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ തുടര്‍ന്നിരുന്നത്. ഇപ്പോള്‍ വിമാനത്താവളം ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയതോടെ എന്തു ചെയ്യണമെന്നറിയാതെ ഇവര്‍ പ്രതിസന്ധിയിലായി. എംബസിയോ സര്‍ക്കാരോ ഇവര്‍ക്ക് മടങ്ങാനുള്ള ക്രമീകരണം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിച്ചാല്‍ എങ്ങോട്ട് പോവുമെന്നാണ് ഇവരുടെ ചോദ്യം. ഭക്ഷണം കഴിക്കാനുള്ള തുക പോലും പലരുടെയും കൈവശമില്ലെന്നും വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ പറഞ്ഞു.




Tags: