ഉത്തര്‍പ്രദേശിലേക്ക് പശുക്കളെ കൊണ്ടുപോയ മലയാളി ദുരൂഹസാഹചര്യത്തില്‍ മരിച്ചു

തനിക്ക് സുഖമില്ലെന്നും രക്തം ഛര്‍ദ്ദിച്ചെന്നും ആശുപത്രിയില്‍ എത്തിക്കാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണില്‍ വിളിച്ചുപറഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്

Update: 2019-06-25 04:31 GMT

ചെങ്ങന്നൂര്‍: ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ആശ്രമത്തിലേക്ക് പശുക്കളെ കൊണ്ടുപോയ മലയാളി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറ അര്‍ച്ചന ഭവനത്തില്‍ വിക്രമനാ(55)ണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആശ്രമം അധികൃതരുടെ നടപടി സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടി വിക്രമന്റെ മകന്‍ ചെങ്ങന്നൂര്‍ പോലിസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ ജൂണ്‍ 16നാണ് വിക്രമന്‍ കട്ടപ്പനയില്‍ നിന്ന് മഥുര വൃന്ദാവന്‍ ആശ്രമത്തിലേക്ക് വെച്ചൂര്‍ പശുക്കളുമായി പോയത്. 21ന് ഡല്‍ഹിയിലെത്തിയ വിക്രമന്‍, തനിക്ക് സുഖമില്ലെന്നും രക്തം ഛര്‍ദ്ദിച്ചെന്നും ആശുപത്രിയില്‍ എത്തിക്കാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണില്‍ വിളിച്ചുപറഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്. 22നു രാത്രി 9.45 വരെ ഫോണിലൂടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഈസമയത്തെല്ലാം തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവാന്‍ മകന്‍ അരുണിനോട് ഡല്‍ഹിയിലേക്കു വരാനാണ് വിക്രമന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 23നു വൈകീട്ട് മകന്‍ അരുണ്‍ വിമാനത്തില്‍ ഡല്‍ഹിയിലെത്തി. ആശ്രമം അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് മരണവിവരം അറിയുന്നതെന്നും അരുണിനോട് ആശ്രമത്തിലേക്ക് വരേണ്ടെന്നും മൃതദേഹം അവിടെ എത്തിക്കാമെന്ന് പറഞ്ഞതായും അരുണ്‍ പരാതിപ്പെട്ടു.

    തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിച്ചത്. ചെങ്ങന്നൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ഇന്‍ക്വസ്റ്റില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വിശദവിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും പോലിസ് പറഞ്ഞു. രമയാണ് വിക്രമന്റെ ഭാര്യ. മകള്‍: വിദ്യ.





Tags:    

Similar News