മലപ്പുറം ജില്ലാ വിഭജനം: കെ എന്‍ എ ഖാദറിനെ തള്ളി ലീഗ് ജില്ലാ നേതൃത്വം

കോണ്‍ഗ്രസിന്റെ എതിര്‍പ്പാണ് ഇതിനു പിന്നിലെന്നാണു സൂചന

Update: 2019-06-26 17:58 GMT

മലപ്പുറം: മലപ്പുറം ജില്ലാ വിഭജന വിഷയത്തില്‍ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലൂടെ ചര്‍ച്ച ചെയ്ത മുസ് ലിം ലീഗ് എംഎല്‍എ അഡ്വ. കെ എന്‍ എ ഖാദറിനെ തള്ളി ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തി. നയപരമായി തീരുമാനമെടുക്കേണ്ട വിഷയത്തെ കുറിച്ച് നിയമസഭയില്‍ ഉന്നയിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുസ് ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി യു എ ലത്തീഫ് പറഞ്ഞു. അതിനൊരു സമയമുണ്ടെന്നും സമയമാവുമ്പോള്‍ പാര്‍ട്ടിയും യുഡിഎഫും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം സ്വകാര്യ ചാനലില്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഡ്വ. കെ എന്‍ എ ഖാദര്‍ മലപ്പുറം ജില്ലയുടെ വികസനത്തിന് ജില്ലാ വിഭജനം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി ശ്രദ്ധ ക്ഷണിച്ചത്. നേരത്തെ, വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദ് പരസ്യമായി എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്യാത്ത വിഷയം നിയമസഭയില്‍ ഉന്നയിച്ചത് ശരിയായില്ലെന്നാണു ആര്യാടന്‍ മുഹമ്മദ് പറയുന്നത്. എന്നാല്‍, വിഷയത്തില്‍ കോണ്‍ഗ്രസിനു എതിര്‍പ്പുണ്ടെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. ജനസംഖ്യാപരമായി തന്നെ മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എസ്ഡിപിഐ ഇതു സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. മുസ്‌ലിം ലീഗിനു ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാ പഞ്ചായത്തും ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസ്സാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ ജില്ലാ വിഭജന വിഷയത്തില്‍ കെ എന്‍ എ ഖാദറും ആര്യാടന്‍ മുഹമ്മദും ഏറ്റുമുട്ടിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ, ജില്ലാ വിഭജന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളുകയും ചെയ്തു. മലപ്പുറം വിഭജിക്കണമെന്ന ആവശ്യം കൂടുതല്‍ ചര്‍ച്ചയാവുന്നതിനിടെയാണ്, വിഷയം നിയമസഭയില്‍ ഉന്നയിച്ച കെ എന്‍ എ ഖാദര്‍ എംഎല്‍എയെ പാര്‍ട്ടി തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന്റെ എതിര്‍പ്പാണ് ഇതിനു പിന്നിലെന്നാണു സൂചന.


Tags:    

Similar News