മലപ്പുറം ജില്ലാ വിഭജനം: യുഡിഎഫ് യോഗത്തില്‍ ആര്യാടന്‍-കെ എന്‍ എ ഖാദര്‍ വാക്കേറ്റം

കഴിഞ്ഞ ദിവസം നിയമസഭയില്‍ മലപ്പുറം വിഭജനം സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലില്‍ നിന്ന് കെഎന്‍എ ഖാദര്‍ പിന്‍മാറിയത് വലിയ വിവാദമായിരുന്നു

Update: 2019-06-24 15:04 GMT

മലപ്പുറം: മലപ്പുറം ജില്ലാ വിഭജനത്തെ ചൊല്ലി യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഏറ്റുമുട്ടി. മുസ് ലിം ലീഗ് നേതാവ് അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദുമാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. വിഷയത്തില്‍ എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും ഇക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസോ യുഡിഎഫോ ഇതുവരെ ആലോചിട്ടിച്ചില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സാധാരണയായി ജനസംഖ്യാനുപാതത്തിലാണ് പ്ലാന്‍ ഫണ്ട് വിഭജിക്കുക. എന്നാല്‍ മലപ്പുറത്തിനു ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ആര്യാടന്‍ പറഞ്ഞു. എന്നാല്‍, ആര്യാടന്റെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ശ്രദ്ധ ക്ഷണിക്കലില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും മുസ്‌ലിം ലീഗ് പ്രതിനിധി കെ എന്‍ എ ഖാദര്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയില്‍ മലപ്പുറം വിഭജനം സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലില്‍ നിന്ന് കെഎന്‍എ ഖാദര്‍ പിന്‍മാറിയത് വലിയ വിവാദമായിരുന്നു. നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിശദീകരണ സമയത്ത് അദ്ദേഹം ഹാജരാവാതിരുന്നത് കോണ്‍ഗ്രസ് കണ്ണുരുട്ടിയതിനാലാണെന്നായിരുന്നു റിപോര്‍ട്ട്. മലപ്പുറം ജില്ല അനുവദിച്ചത് ഇഎംഎസ് മുഖ്യമന്ത്രിയായ സമയത്താണെന്നും അതേ നിലപാട് തുടരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സമയത്ത് മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ടാല്‍ അനുവദിച്ചേക്കുമെന്നു കരുതിയാണ് പിന്‍മാറ്റമെന്നു ഇടതു സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍ ആരോപിച്ചിരുന്നു. സംഭവം മുസ്‌ലിം ലീഗിലും ഇത് ഏറെ ചര്‍ച്ചയായിരുന്നു. വിഷയം വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കാന്‍ ലീഗ് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തെ ചൊല്ലി ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കമുണ്ടായത്. മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് എസ്ഡിപിഐ വര്‍ഷങ്ങള്‍ക്കു മുമ്പേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനു വേണ്ടി വിവിധ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചിരുന്നു. 2015ല്‍ മുസ്‌ലിം ലീഗിന് മുന്‍തൂക്കമുള്ള മലപ്പുറം ജില്ലാ പഞ്ചായത്തും വിഭജനത്തെ അനുകൂലിച്ച് പ്രമേയം പാസാക്കി. എന്നാല്‍, ഇപ്പോള്‍ ഈ ആവശ്യം നിയമസഭയില്‍ ഉന്നയിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് വീണ്ടും എതിര്‍പ്പുമായെത്തിയത്.

Tags:    

Similar News