മലബാര്‍ സമരസ്മാരകം: ആര്‍എസ്എസ് വംശീയ ഉന്‍മൂലനത്തിന് കോപ്പുകൂട്ടുന്നു- പോപുലര്‍ ഫ്രണ്ട്

Update: 2022-08-31 13:02 GMT

മലപ്പുറം: മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മാരകവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ പേരില്‍ ആര്‍എസ്എസ് നടത്തുന്ന ദുഷ്പ്രചരണം ആസൂത്രിത കലാപത്തിനുള്ള ശ്രമമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ മലബാര്‍ സമരത്തിലെ പോരാളികള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്മാരകങ്ങളുണ്ടെന്നിരിക്കെ സംഘപരിവാരം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരണങ്ങള്‍ സാധാരണക്കാരായ ഹൈന്ദവ സഹോദരന്മാരുടെ മനസ്സില്‍ വെറുപ്പുല്‍പ്പാദിപ്പിച്ച് കലാപത്തിന് കോപ്പുകൂട്ടാനുള്ള ഹീനശ്രമത്തിന്റെ ഭാഗമാണെന്ന് യോഗം കുറ്റപ്പെടുത്തി.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍, മൗലാനാ ഷൗക്കത്തലി, മൗലാനാ മുഹമ്മദലി തുടങ്ങിയ സ്വാതന്ത്ര്യസമര നായകരെ വര്‍ഗീയ വാദികളും, ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തവരുമായി ചിത്രീകരിക്കുന്നത് ആര്‍എസ്എസ് ആസൂത്രണം ചെയ്യുന്ന വംശീയ ഉന്‍മൂലനത്തിന് ആക്കം കൂട്ടാനാണ്. സംഘപരിവരത്തിന്റെ ഈ കുപ്രചരണങ്ങള്‍ മലപ്പുറത്തിന്റെ സവിശേഷമായ മതേതര സമൂഹം തള്ളിക്കളയണമെന്നും കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ കുല്‍സിതശ്രമങ്ങളെ കരുതിയിരിക്കണമെന്നും ജില്ലാ കമ്മിറ്റി മലപ്പുറത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ജില്ലാ പ്രഡിഡന്റ് പി കെ മുഹമ്മദ് സുജീര്‍ അധ്യക്ഷത വഹിച്ചു, കെ കെ സാദിഖലി, ടി മുഹമ്മദ് സാദിഖ് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News