യുപിയില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഡബിള്‍ ഡക്കര്‍ ബസ്സിലിടിച്ചു; 18 മരണം, 19 പേര്‍ക്ക് ഗുരുതര പരിക്ക്

അമിതവേഗത്തില്‍ വന്ന ട്രക്ക് ഇരട്ട ഡെക്കര്‍ ബസ്സിലിടിക്കുകയായിരുന്നു. ബസ്സില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പെട്ടത്.

Update: 2021-07-28 02:06 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ലഖ്‌നൗ-അയോധ്യ ദേശീയപാതയില്‍ രാം സനേഹി ഘട്ട് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് അമിതവേഗത്തില്‍ വന്ന ട്രക്ക് ഇരട്ട ഡെക്കര്‍ ബസ്സിലിടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നതെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ 19 യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാരെ അടിയന്തര വൈദ്യചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചതായി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ യുപി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബരാബങ്കി ജില്ലയിലെ രാം സനേഹി ഘട്ടിനടുത്തുള്ള ദേശീയപാതയില്‍ ഇന്നലെ രാത്രി ഉണ്ടായ 'ദാരുണമായ അപകടത്തില്‍' 18 ഓളം പേര്‍ മരിച്ചതായി ലഖ്‌നൗ സോണ്‍ എ.ഡി.ജി സത്യ നാരായണ്‍ സബാത്ത് ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മറ്റ് നിരവധി പേര്‍ ഇപ്പോഴും ബസ്സിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സീതാമര്‍ഹി, സഹര്‍സ എന്നിവയുള്‍പ്പെടെ ബീഹാറിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് യാത്രക്കാരില്‍ ഭൂരിഭാഗവും. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

 

Tags:    

Similar News