മഹുവ മൊയ്ത്രയെ അയോഗ്യയാക്കിയതിനെതിരായ ഹരജി; ലോക്‌സഭാ സെക്രട്ടറി ജനറലിന് സുപ്രിം കോടതി നോട്ടീസ്

Update: 2024-01-03 13:44 GMT

ന്യൂഡല്‍ഹി: ചോദ്യക്കോഴ ആരോപണത്തെ തുടര്‍ന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യയാക്കിയത് ചോദ്യംചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി ലോക്‌സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് അയച്ചു. വിഷയത്തില്‍ ലോക്‌സഭാ സെക്രട്ടറി ജനറലിനോട് മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. മഹുവയുടെ ഹര്‍ജി വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കോടതി, എന്നാല്‍ സഭാനടപടികളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയില്ല. കേസ് വാദം കേള്‍ക്കാനായി മാര്‍ച്ചിലേക്ക് മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലോക്‌സഭാ സെക്രട്ടറി ജനറലിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ലോക്‌സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് അയക്കരുതെന്ന തുഷാര്‍ മേത്തയുടെ ആവശ്യം കോടതി നിരാകരിച്ചു. മഹുവ മൊയ്ത്രയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്‌വിയാണ് ഹാജരായത്. എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ തന്റെ ഭാഗം പറയാന്‍ സഭയില്‍ അനുമതി നിഷേധിച്ചതായി മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി.

Tags:    

Similar News