മഅ്ദനിക്ക് വിദഗ്ധചികില്‍സ ലഭ്യമാക്കണം; തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ

Update: 2023-03-03 02:00 GMT

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധചികില്‍സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മതപണ്ഡിതരും സംഘടനാ നേതാക്കളും തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരം വലിയ ഖാദി ചന്തിരൂര്‍ വി എം അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്യും.

നിരവധി രോഗങ്ങള്‍ വേട്ടയാടുന്ന മഅ്ദനിയുടെ ആരോഗ്യാവസ്ഥ ആശങ്കജനകമാണ്. ബംഗളൂരുവിന് പുറത്തേക്ക് പോവാന്‍ കഴിയാത്തതിനാല്‍ ഫലപ്രദമായ ചികില്‍സ ലഭിക്കാത്ത സാഹചര്യമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉന്നത മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് മഅ്ദനിയുടെ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തര ഇടപെടല്‍ നടത്തണം.

മഅ്ദനി വിഷയത്തില്‍ കേരളത്തിലെ മതേതര പ്രസ്ഥാനങ്ങള്‍ പോലും പ്രതികരിക്കാതെ നിസ്സംഗതയോടെ നോക്കിനില്‍ക്കുന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. മഅ്ദനിയുടെ രോഗശമനത്തിനും പൂര്‍ണമോചനത്തിനുമായി വെള്ളിയാഴ്ച മസ്ജിദുകളില്‍ പ്രാര്‍ഥന നടത്തണമെന്നും നേതാക്കളായ പാച്ചല്ലൂര്‍ അബ്ദുസലിം മൗലവി, മൗലവി നവാസ് മന്നാനി പനവൂര്‍, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, മൗലവി മുഹമ്മദ് നിസാര്‍ അല്‍ഖാസിമി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Tags: