ഡാം തകരാന്‍ കാരണം ഞണ്ടുകളെന്ന് മഹാരാഷ്ട്ര മന്ത്രി; എങ്കില്‍ ഞണ്ടുകളെ അറസ്റ്റ് ചെയ്യൂ എന്ന് എന്‍സിപി
മുംബൈ: രത്‌നഗിരി ജില്ലയിലെ തിവാരെ ഡാം തകര്‍ന്നത് ഞണ്ടുകള്‍ ഭിത്തി ദുര്‍ബലമാക്കിയതു മൂലമെന്ന് മഹാരാഷ്ട്ര ജല സംരക്ഷണ മന്ത്രി താനാജി സാവന്ത്. അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് 18 പേര്‍ മരിച്ചിരുന്നു. സംഭവിക്കാനുള്ളത് എന്തായാലും സംഭവിക്കുമെന്നും മന്ത്രി പറഞ്ഞു.
ഞണ്ടുകള്‍ കൂട്ടത്തോടെ വന്ന് അണക്കെട്ടിന്റെ ഭിത്തി ദുര്‍ബലമാക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ചില പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു-സാവന്ത് പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അധികം വൈകാതെ റിപോര്‍ട്ട് സമര്‍പ്പിക്കും. അപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവുമെന്നും മന്ത്രി പറഞ്ഞു.
ഡാം തകര്‍ച്ചയെ പ്രകൃതി ദുരന്തമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. കനത്ത മഴയും ഡാമിന്റെ തകര്‍ച്ചയ്ക്ക് കാരണമായതായി മന്ത്രി സൂചിപ്പിച്ചു. എട്ട് മണിക്കൂറിനുള്ളില്‍ 192 മില്ലീമീറ്റര്‍ മഴയാണ് വൃഷ്ടിപ്രദേശത്ത് പെയ്തത്.
അതേ സമയം, അണക്കെട്ട് തകര്‍ന്നതിന് ഞണ്ടുകളെ കുറ്റപ്പെടുത്തുന്ന മന്ത്രിയെ കളിയാക്കി എന്‍സിപി രംഗത്തെത്തി. ഞണ്ടുകളെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിപി യുവജനവിഭാഗം അധ്യക്ഷന്‍ മഹ്ബൂബ് ശെയ്ഖ് പരിഹസിച്ചു. ഞണ്ടുകളാണ് അണക്കെട്ട് തകര്‍ത്തതെന്നാണ് മന്ത്രി കരുതുന്നതെങ്കില്‍ ഞണ്ടുകള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എന്‍സിപി നേതാവ് ജിതേന്ദ്ര അഹ്വാദ് കുറച്ചു കൂടി കടന്ന കൈക്കാണ് മുതിര്‍ന്നത്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ നാണക്കേടാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഏതാനും ഞണ്ടുകളുമായി താനെ പോലിസ് സ്‌റ്റേഷനില്‍ എത്തുകയും അവയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
