ഇസ് ലാംപുരിന്റെ പേര് മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍; ഇനി മുതല്‍ 'ഈശ്വര്‍പുര്‍'
മുംബൈ: പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഇസ്ലാംപുര്‍ നഗരത്തിന്റെ പേര് ഈശ്വര്‍പുര്‍ എന്ന് മാറ്റുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം എടുത്തിരുന്നതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ഛഗന്‍ ഭുജ്പാല്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം കേന്ദ്രത്തിന് അംഗീകാരത്തിനായി അയക്കും.
ഇസ്ലാംപുരിന്റെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയായ ശിവ് പ്രദിസ്ഥാന്‍ സംഗ്ലി കലക്ടറേറ്റിലേക്ക് നിവേദനം അയച്ചിരുന്നു. സംഗ്ലി ജില്ലക്കാരനായ സംഭാജി ഭിഡെയാണ് ശിവ് പ്രദിസ്ഥാന്റെ അമരക്കാരന്‍. 2015ല്‍ ഇദ്ദേഹം ആവശ്യം ഉന്നയിച്ചതിനു പിന്നാലെ ശിവസേനയും പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. 1986 മുതല്‍ പേര് മാറ്റത്തിനുള്ള ആഹ്വാനം തുടരുകയാണെന്ന് ഇസ്ലാംപുരില്‍ നിന്നുള്ള ഒരു ശിവസേന നേതാവ് അറിയിച്ചു.