ഗഡ്ചിരോലിയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 26 മാവോവാദികൾ കൊല്ലപ്പെട്ടു

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ സിപിഐ(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗം മിലിന്ദ് തെൽതുംബ്ദെയും ഉണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്.

Update: 2021-11-13 14:48 GMT

മുംബൈ: കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ ശനിയാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 26 മാവോവാദികൾ കൊല്ലപ്പെട്ടതായി മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വനത്തിൽ നിന്ന് ഇതുവരെ 26 മാവോവാദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ജില്ലാ പോലിസ് സൂപ്രണ്ട് അങ്കിത് ഗോയൽ മാധ്യമങ്ങളോട് പറഞ്ഞു.

അഡീഷണൽ എസ്പി സൗമ്യ മുണ്ടെയുടെ നേതൃത്വത്തിൽ സി-60 കമാൻഡോ സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് മാർഡിൻതോല വനമേഖലയിലെ കോർച്ചിയിൽ രാവിലെ വെടിവയ്പ്പുണ്ടായതെന്ന് ഗോയൽ പറഞ്ഞു. കൊല്ലപ്പെട്ട മാവോവാദികൾ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഒരു ഉന്നത നേതാവും അവരിൽ ഉൾപ്പെട്ടതായി സംശയിക്കുന്നതായി പോലിസ് വ‍ൃത്തങ്ങൾ പറയുന്നു.

സംഭവത്തിൽ നാല് പോലിസുകാർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ ചികിൽസയ്ക്കായി ഹെലികോപ്റ്ററിൽ നാഗ്പൂരിലേക്ക് കൊണ്ടുപോയതായും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

സിപിഐ (മാവോയിസ്റ്റ്) ഗഡ്ചിരോലി ഡിവിഷൻ കമ്മിറ്റി അംഗം സുഖ്ലാലിന്റെ നേതൃത്വത്തിലുള്ള കോർച്ചി ദലത്തിലെ അംഗങ്ങളാണ് സംഘത്തിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത്. കൂടാതെ രാവിലെ ആറിന് തുടങ്ങിയ ഏറ്റുമുട്ടൽ വൈകീട്ട് നാല് വരെ നീണ്ടുനിന്നതായി പോലിസ് പറയുന്നു.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ സിപിഐ(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗം മിലിന്ദ് തെൽതുംബ്ദെയും ഉണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ഇപ്പോഴിത് അഭ്യൂഹം മാത്രമാണെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് അങ്കിത് ഗോയൽ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ സിപിഐ(മാവോയിസ്റ്റ്) നേതാവും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കീഴടങ്ങിയ തെൽതുംബ്ദെയുടെ മുൻ അംഗരക്ഷകൻ രാകേഷിനെ പോലിസ് സംഭവ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദലിത് ബുദ്ധിജീവി ആനന്ദ് തെൽതുംബ്ദെയുടെ ഇളയ സഹോദരനാണ് മിലിന്ദ് തെൽതുംബ്ദെ. സിപിഐ (മാവോയിസ്റ്റ്) മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഡ് മേഖലയുടെ ചുമതലക്കാരനുമാണ് അദ്ദേഹം.