വാവര്‍പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി

വാവര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തുന്നതിനായെത്തിയ ഹിന്ദു മക്കള്‍കക്ഷിയില്‍പ്പെട്ട യുവതികളെ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് മഹല്ല് കമ്മിറ്റിയുടെ പ്രതികരണം.

Update: 2019-01-08 08:58 GMT

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായ എരുമേലി വാവര്‍പള്ളി സന്ദര്‍ശിക്കുന്നതിന് സ്ത്രീകള്‍ അടക്കം ആര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു. സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ജമാഅത്തിനെ ആഗമന ഉദ്ദേശവും മേല്‍വിലാസവും ബോധ്യപ്പെടുത്തി പ്രവേശിക്കാം. യുവതീപ്രവേശന വിധിയ്ക്ക് മുമ്പോ ശേഷമോ വാവര്‍പള്ളിയില്‍ ഒരുതരത്തിലുള്ള നിയന്ത്രങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. മസ്ജിദിലെ പ്രാര്‍ഥനകള്‍ക്കു തടസ്സമില്ലാതെ ശരീരശുദ്ധിയോടെ സന്ദര്‍ശനം നടത്താന്‍ അനുമതിയുള്ളതാണെന്നും ജമാഅത്ത് പ്രസിഡന്റ് പി എച്ച് ഷാജഹാന്‍ വ്യക്തമാക്കി. വാവര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തുന്നതിനായെത്തിയ ഹിന്ദു മക്കള്‍കക്ഷിയില്‍പ്പെട്ട യുവതികളെ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് മഹല്ല് കമ്മിറ്റിയുടെ പ്രതികരണം. വിധി വരുന്നതിനും വളരെ കാലം മുമ്പേ വാവര്‍ പള്ളിയില്‍ സ്ത്രീകളെത്താറുണ്ടായിരുന്നു. പള്ളിക്കുള്ളില്‍ കയറി വലംവച്ച ശേഷമാണ് തീര്‍ത്ഥാടകര്‍ പമ്പയ്ക്ക് പോയിരുന്നത്.

വാവര്‍ പള്ളിയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ചള്ള ആചാരനുഷ്ഠാനങ്ങള്‍ തുടരാം. ഈ സംഭവത്തിന്റെ മറവില്‍ ചിലര്‍ വ്യാജപ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ പള്ളിയില്‍ കയറാന്‍ വന്നെന്നും ചിലരെ പള്ളിയില്‍നിന്നു കസ്റ്റഡിയിലെടുത്തെന്നുമൊക്കെ പോലിസ് പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതു വ്യാജപ്രചാരണമാണ്. മതമൈത്രി തകര്‍ത്തു ലഹള സൃഷ്ടിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണ് ഇതിനു പിന്നില്‍. സംഭവം സംബന്ധിച്ച് ഡിജിപി ഉള്‍പ്പടെ ഉന്നത കേന്ദ്രങ്ങള്‍ക്കു പരാതി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ അയ്യപ്പഭക്തര്‍ സന്ദര്‍ശിക്കുന്ന മുസ്്‌ലിം പള്ളിയില്‍നിന്നു സ്ത്രീകളെ കസ്റ്റഡിയിലെടുത്തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എരുമേലി പോലിസും അറിയിച്ചു.

Tags:    

Similar News