ജപ്പാനില്‍ ശക്തിയേറിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിഭാഗം അറിയിച്ചു.

Update: 2019-05-10 03:25 GMT

ടോക്കിയോ: ദക്ഷിണ ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിഭാഗം അറിയിച്ചു. ജപ്പാനിലെ മിയാസാക്കി പട്ടണത്തിന്റെ 24 കിലോമീറ്റര്‍ ഉള്‍പ്രദേശത്തായിരുന്നു ഭൂകമ്പം. ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജപ്പാന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ഭൂചലനമുണ്ടായ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വിഭാഗം പൊതുജനങ്ങള്‍ക്കായി അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇതേ പ്രദേശത്ത് രണ്ടാമതായി റിപോര്‍ട്ട് ചെയ്തത്. ജപ്പാനില്‍ എല്ലാ വര്‍ഷവും തീവ്രതയേറിയ ഭൂകമ്പം റിപോര്‍ട്ട് ചെയ്യാറുണ്ട്. 2011 മാര്‍ച്ചില്‍ റിക്ടര്‍ സ്‌കെയിലില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പസഫിക് സമുദ്രത്തില്‍ താണ്ഡവമാടിയ സുനാമിയില്‍പ്പെട്ട് 10,000 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. 

Tags: