മദ്‌റസകളും ഉറുദു സ്‌കൂളുകളും പൂട്ടണം; മുസ് ലിമായി ജീവിക്കേണ്ടവര്‍ പാകിസ്താനില്‍ പോവണമെന്ന് ബിജെപി എംഎല്‍എ (വീഡിയോ)

Update: 2022-02-06 05:39 GMT

മംഗളൂരു: ഉഡുപ്പിയിലെ ചില കോളജുകളില്‍ ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് ഹിജാബ് നിരോധിച്ച സംഭവത്തില്‍ മുസ് ലിം വിരുദ്ധ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. കര്‍ണാടകയിലെ മദ്‌റസകളും ഉറുദു സ്‌കൂളുകളും പൂട്ടണമെന്നും ഇസ് ലാം മത പ്രകാരം ജീവിക്കേണ്ടവര്‍ മുസ് ലിംകള്‍ക്ക് മഹാത്മാഗാന്ധി അനുവദിച്ച് നല്‍കിയ പാകിസ്താനില്‍ പോകണമെന്നും ബിജെപി എംഎല്‍എ യത്‌നാല്‍ പറഞ്ഞു. ഹിജാബ് വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിജെപി എംഎല്‍എ.

മദ്‌റസകളും ഉറുദു സ്‌കൂളുകളും അടച്ചുപൂട്ടണം. കന്ന പഠിക്കാന്‍ തയ്യാറാവണം. ഉറുദുവും ഹിജാബും വേണ്ടവര്‍ ഇസ് ലാം മത പ്രകാരം ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മഹാത്മാഗാന്ധി നല്‍കിയ പാകിസ്താനിലേക്ക് പോകണം. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ അംബേദ്കര്‍ വിഭാവനം ചെയ്ത സംവിധാനത്തിലും ഇവിടുത്ത സംസ്‌കാരം അനുസരിച്ചും ജീവിക്കണം. ബിജെപി എംഎല്‍എ പറഞ്ഞു.

കര്‍ണാടകയില്‍ ഹിജാബ് നിരോധനം വിവാദമായ സാഹചര്യത്തിലാണ് ബിജെപി എംഎല്‍എയുടെ പ്രസ്താവന. ഹിജാബ് വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് സംഘപരിവാരം. ഉഡുപ്പിയിലെ രണ്ട് ഗവ. കോളജിലും ഒരു സ്വകാര്യ കോളജിലുമാണ് ഹിജാബ് നിരോധിച്ചത്. ഹിജാബ് നിരോധനത്തിനെതിരേ വിദ്യാര്‍ഥിനികള്‍ തന്നെ രംഗത്തെത്തി. ഹിജാബ് തങ്ങളുടെ അവകാശമാണെന്നും ഹിജാബ് ധരിച്ച് കോളജില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടു. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളജ് പ്രിന്‍സിപ്പലുടെ നേതൃത്വത്തില്‍ പുറത്താക്കിയതോടെയാണ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ബിജെപി സര്‍ക്കാരിനെതിരേ രംഗത്തെത്തി. ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രസ്താവിച്ചു. മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.

Tags:    

Similar News