മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ അറസ്റ്റില്‍

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടില്‍ തനിക്കെതിരേ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ബാങ്ക് തട്ടിപ്പ് കേസില്‍ ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്

Update: 2019-08-20 03:01 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍പുരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. 354 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി. ഇദ്ദേഹത്തിനെതിരേ സിബിഐ എഫ്‌ഐആര്‍ തയ്യാറാക്കുകയും തിങ്കളാഴ്ച ആറു സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടില്‍ തനിക്കെതിരേ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ബാങ്ക് തട്ടിപ്പ് കേസില്‍ ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. സിഡി, ഡിവിഡി നിര്‍മാതാക്കളായ മോസര്‍ബെയറിന്റെ മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവാണ് രതുല്‍പുരി.

       രതുല്‍പുരിക്കു പുറമെ പിതാവും കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ദീപക് പുരി, ഡയറക്ടര്‍മാരായ നിതാ പുരി(രതുലിന്റെ മാതാവും കമല്‍നാഥിന്റെ സഹോദരിയും), സഞ്ജയ് ജെയ്ന്‍, വിനീത് ശര്‍മ എന്നിവര്‍ക്കെതിരേയും സിബിഐ കേസെടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍, അഴിമതി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. 2012ല്‍ രതുല്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ പദവി ഒഴിഞ്ഞെങ്കിലും മാതാപിതാക്കള്‍ പദവികളില്‍ തുടരുകയായിരുന്നു. ബാങ്കുകള്‍ അനുവദിച്ച പണം കമ്പനിയും അതിന്റെ ഡയറക്ടര്‍മാരും തങ്ങളുടെ വ്യക്തിഗത ആവശ്യത്തിനായി ദുര്‍വിനിയോഗം ചെയ്‌തെന്നും ഫണ്ട് ലഭിക്കാന്‍ വ്യാജരേഖ നല്‍കിയെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതി.

    നികുതി വെട്ടിപ്പ് മുതല്‍ അഗസ്ത വെസ്റ്റ് ലാന്‍ഡ് കോപ്റ്റര്‍ ഇടപാടില്‍ വരെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് രതുല്‍പുരിക്കെതിരേ സമീപകാലത്ത് നിരവധി അന്വേഷണങ്ങളാണു നടക്കുന്നത്. എന്നാല്‍, താന്‍ നിരപരാധിയാണെന്നും ക്രമക്കേട് നടത്തിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹം ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു.




Tags: