ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മദ്‌റസാധ്യാപകനെ മര്‍ദ്ദിച്ച് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു
കൊല്‍ക്കത്തയുടെ നഗരഹൃദയത്തില്‍ നടന്ന സംഭവം ലജ്ജാകരമാണെന്ന് ആക്റ്റിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ സാന്തശ്രീ ചൗധരി പറഞ്ഞു
കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മദ്‌റസാധ്യാപകനെ മര്‍ദ്ദിച്ച് ട്രെയിനില്‍നിന്ന് തള്ളിയിട്ടു. വ്യാഴാഴ്ച വൈകീട്ട് ഹൂഗ്ലിയില്‍ നിന്നുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സൗത്ത് 24 പര്‍ഗാനാസിലെ കാനിങ് നിവാസി ഷാറൂഖ് ഹല്‍ദാറിനെ(20)നെ ഒരു സംഘം ആക്രമിച്ചത്. താടിവച്ചതിനും തൊപ്പിയിട്ടതിനും അവഹേളിക്കുകയും ചെയ്തതായും ഇ ന്യൂസ് റൂം റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ടോപ്‌സിയ പോലിസ് കേസെടുത്തു.
പതിവുപോലെ കാനിങില്‍ നിന്നു ലോക്കല്‍ ട്രെയിനില്‍ ഹൂഗ്ലിയിലേക്കു പോവുന്നതിനിടെയാണു സംഭവം. ട്രെയിന്‍ ധകൂരിയയിലെത്തിയപ്പോള്‍ മുദ്രാവാക്യം വിളിച്ച് ഒരുസംഘം കയറുകയായിരുന്നു. ഹിന്ദു സംഹിതി എന്ന സംഘടനയില്‍ പെട്ടവരാണ് സംഘമെന്നും റാലിയോ മറ്റോ കഴിഞ്ഞു വരികയാണെന്നുമാണ് അവരുടെ വസ്ത്രധാരണത്തില്‍ നിന്നു മനസ്സിലായതെന്നും ഷാറൂഖ് ഹല്‍ദാര്‍ പറഞ്ഞു. ട്രെയിന്‍ അല്‍പം മുന്നോട്ടുപോയപ്പോള്‍ തന്നെ ബഹളം തുടങ്ങിയിരുന്നു. ഞങ്ങളുടെ ഭാഗത്തേക്കു വരുമെന്ന് കരുതിയിരുന്നില്ല. ട്രെയിന്‍ ബാലിഗംഗേയിലെത്തിയപ്പോഴാണ് അപമാനശ്രമം തുടങ്ങിയത്. തൊപ്പി വച്ചതിനെയും താടി വച്ചതിനെയും പരിഹസിച്ചു. പിന്നീട് ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. മറുപടി നല്‍കാതായപ്പോള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഈ സമയം ട്രെയിന്‍ സര്‍ക്കസ് പാര്‍ക്കിലെത്തിയിരുന്നു. അപ്പോള്‍ അവരെന്നെ ട്രെയിനില്‍നിന്ന് തള്ളി താഴെയിടുകയായിരുന്നു. ഞാന്‍ തിരിച്ചുകയറാന്‍ ശ്രമിക്കുമ്പോഴേക്കും ട്രെയിന്‍ പോയി. പ്രദേശവാസികളാണ് തനിക്കു സഹായം നല്‍കിയത്. തുടര്‍ന്ന് ടോപ്‌സിയ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതോടെ കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നും യുവാവ് പറഞ്ഞു.
കൊല്‍ക്കത്തയുടെ നഗരഹൃദയത്തില്‍ നടന്ന സംഭവം ലജ്ജാകരമാണെന്ന് ആക്റ്റിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ സാന്തശ്രീ ചൗധരി പറഞ്ഞു. കരുണയുടെ പ്രതീകമാണ് ശ്രീരാമന്‍. സാധാരണക്കാരെ പ്രത്യേകിച്ച് ഇതര സമുദായത്തില്‍പെട്ട ഒരാളെ നിര്‍ബന്ധിച്ച് ജയ് ശ്രീം വിളിപ്പിക്കുന്നത് രാമനെ അവഹേളിക്കുന്നതിനു തുല്യമാണ്. തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ഹിന്ദുത്വ ഗുണ്ടകള്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഏറെ ബാധിക്കുന്ന പ്രശ്‌നമാണിത്. എന്നാല്‍, മമതാ ബാനര്‍ജി ഈ വിഷയം എങ്ങനെ നേരിടുമെന്നാണ് പ്രധാന ചോദ്യം. ബംഗാളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആദ്യത്തേതല്ലെന്ന് ഉറപ്പിച്ചുപറയാനാവും. കഴിഞ്ഞ വര്‍ഷം, മുസ്‌ലിമായ ഒരു ഭിക്ഷക്കാരനെ ദേശീയഗാനം അറിയില്ലെന്നാരോപിച്ച് ഹൗറയ്ക്കു സമീപത്തു വച്ച് മര്‍ദ്ദിച്ചിരുന്നു. സംഭവം ആദ്യത്തേതല്ലെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയാ ആക്റ്റിവിസ്റ്റ് സമീറുല്‍ ഇസ് ലാം പറഞ്ഞു. ബംഗ്ലാ സന്‍സ്‌കൃതി മഞ്ച് എന്ന പേരിലുള്ള സന്നദ്ധ സംഘടന ഇത്തരം വിഷയങ്ങളില്‍ നിയമസഹായം നല്‍കുന്നുണ്ടെന്നും എന്നാല്‍ പലപ്പോഴും നീതി ലഭിക്കാറിലെന്നും അദ്ദേഹം പറഞ്ഞു.
