പുരോഗമനക്കാര്‍ അല്ലാത്തലര്‍ക്കും വോട്ടുണ്ടല്ലോ; വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നും എം വി ഗോവിന്ദന്‍

Update: 2023-08-14 06:21 GMT
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ജെയ്ക്ക് സി തോമസ്

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സാമുദായിക നേതാക്കളെ കാണുന്നതില്‍ തെറ്റില്ലെന്നും ആരെയും ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള ഒരു നിലപാടും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന പാര്‍ട്ടിയാണെങ്കിലും പുരോഗമനക്കാര്‍ അല്ലാത്തലര്‍ക്കും വോട്ടുണ്ടെന്ന് മനസ്സിലാക്കണം. വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ല. അവര്‍ എടുക്കുന്ന നിലപാടിനെ സംബന്ധിച്ച് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് എല്ലാ കാലത്തുമുള്ള സമീപനമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ സമദൂരത്തില്‍ മാറ്റമുണ്ടാവില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിന്, സമദൂരം പലപ്പോഴും സമദൂരം ആകാറില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. സമദൂരം ആണെന്ന് പറഞ്ഞത് അത്രയും നല്ലത്. എല്ലാതിരഞ്ഞെടുപ്പിലും ഇങ്ങനെ പറയാറുണ്ട്. സുകുമാരന്‍ നായരായാലും വെള്ളാപ്പള്ളി നടേശന്‍ ആയാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സഹായമഭ്യര്‍ഥിക്കാന്‍ ജനാധിപത്യ മര്യാദയും അവകാശവും ഉണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓരോ വോട്ടര്‍മാരേയും ഒറ്റയ്‌ക്കൊറ്റയ്ക്ക് ചെന്ന് കാണും. പുരോഗമന പാര്‍ട്ടിയാണെങ്കില്‍ പുരോഗമനക്കാര്‍ അല്ലാത്തവര്‍ക്കും വോട്ട് ഉണ്ടല്ലോ. സ്ഥാനാര്‍ഥി എന്ന രീതിയില്‍ ആരേയും കാണുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. വോട്ടിന് പകരം വരം തരാം എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ, വോട്ടല്ലേ വേണ്ടതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News