സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ; മുന്‍കൂര്‍ ജാമ്യഹരജി തീര്‍പ്പാക്കി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാഹരജി തീര്‍പ്പാക്കി. എം.ശിവശങ്കര്‍ പ്രതിയല്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അതിനാല്‍ ജാമ്യപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും പ്രോസിക്യൂട്ടര്‍ എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു.
അറസ്റ്റിനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ നിലപാടെടുത്തതോടെ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പാക്കി. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്നും ശിവശങ്കര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതേസമയം, കസ്റ്റംസ്, എന്‍ഫോഴ്സ്‌മെന്റ് കേസുകളില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നാളെ വിധി പറയാന്‍ മാറ്റി വെച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ എതിര്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടി വന്നേക്കാമെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. സ്വപ്നയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാന്‍ സാധ്യതയില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്.