'ജനാധിപത്യത്തിന്‍റെ ശബ്ദം', രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തില്‍ പ്രതികരണവുമായി സ്റ്റാലിന്‍

Update: 2022-11-11 11:26 GMT

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തില്‍ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനാധിപത്യത്തിന്‍റെ ശബ്ദമാണ് സുപ്രീംകോടതി വിധിയെന്നാണ് സ്റ്റാലിന്‍റെ പ്രതികരണം. വിധി ജനാധിപത്യത്തിന് വില നല്‍കാത്തവര്‍ക്കുള്ള പ്രഹരമാണ്. ഗവർണർ ജനാധിപത്യ സർക്കാരിന്‍റെ തീരുമാനം മാനിക്കണം. ഈ സന്ദേശമാണ് സുപ്രീംകോടതി വിധി നൽകുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉൾപ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവ്. ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഇതോടെ രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും മോചിതരാകും.


31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികത്തെ ജയിലിൽ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു. മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ആർട്ടിക്കിൾ 142ന്‍റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.