സ്ത്രീകളെ തല്ലാൻ എന്റെ വീട്ടിൽ പഠിപ്പിച്ചിട്ടില്ല; ലഖ്നോവിലെ മർദ്ദനത്തിൽ ടാക്സി ഡ്രൈവർ

ഒരു സ്ത്രീയെയും അടിക്കരുതെന്നാണ് എന്റെ മാതാവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. മാതാവിന്റെ കാലിനടിയിലാണ് സ്വർഗം. അത് നിങ്ങൾക്കും അറിയാമെന്നും യുവാവ് പറഞ്ഞു.

Update: 2021-08-05 13:29 GMT

ലഖ്നോ: സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായ ലഖ്നോവിലെ മർദനത്തിൽ ടാക്സി ഡ്രൈവറും യുവതിയും വിശദീകരണവുമായി രംഗത്ത്. ലഖ്നോ നഗരത്തിലെ നടുറോഡിൽവെച്ച് മർദ്ദനമേറ്റ ടാക്സി ഡ്രൈവർ ഷഹാദത്ത് അലി മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

ഞാൻ വീട്ടിലേക്ക് പോകുന്നവഴിയാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതി തിരികെ വന്ന് എന്നെ മർദ്ദിക്കുകയായിരുന്നു. അപകടകരമായാണ് വാഹനമോടിച്ചതെന്ന യുവതിയുടെ വാദം തെറ്റാണ്. എന്നാൽ സംഭവത്തിൽ പോലിസ് ആദ്യം യുവതിയുടെ ഭാഗം മാത്രമാണ് കേട്ടത്.

എന്റെ പേരിൽ പോലിസ് കേസെടുത്തു. എന്നാൽ തന്റെ മുതലാളിയുടെ മൊബൈൽഫോൺ യുവതി തകർക്കുകയും കാറിനും കേടുപാടുണ്ടാക്കുകയും ചെയ്തു. 60,000 രൂപയുടെ നഷ്ടമാണുണ്ടായത്. മാത്രമല്ല, കാറിലെ ഡാഷ്ബോർഡിലുണ്ടായിരുന്ന പണം കവർച്ച ചെയ്യാനും ശ്രമിച്ചെന്ന് ഷഹാദത്ത് അലി വിശദീകരിച്ചു.

സ്ത്രീകളെ അടിക്കാൻ എന്റെ വീട്ടിൽ പഠിപ്പിച്ചിട്ടില്ല. ഞാൻ ഒരു നല്ല കുടുംബത്തിലുള്ളയാളാണ്. ഒരു സ്ത്രീയെയും അടിക്കരുതെന്നാണ് എന്റെ മാതാവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. മാതാവിന്റെ കാലിനടിയിലാണ് സ്വർഗം. അത് നിങ്ങൾക്കും അറിയാമെന്നും യുവാവ് പറഞ്ഞു.

ജൂലായ് 30-ന് ലഖ്നോ കൃഷ്ണ നഗർ മേഖലയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. യുവതി ഡ്രൈവറെ കാറിൽനിന്ന് വലിച്ചിറക്കി പൊതിരെ തല്ലുന്ന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ യുവതി റോഡ് മുറിച്ചുകടക്കുന്ന മറ്റൊരു സിസിടിവി ദൃശ്യവും പുറത്തുവന്നു. എന്നാൽ ഈ ദൃശ്യങ്ങളിലൊന്നും യുവതിയെ വാഹനമിടിക്കുന്നതായി കാണുന്നില്ല.

അതേസമയം, സംഭവത്തിൽ യുവാവിനെതിരേ പോലിസ് കേസെടുത്തെന്ന വിവരം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. #ArrestLucknowGirl എന്ന ഹാഷ്ടാഗും ട്രെൻഡിങ്ങായി. ഇതിനുപിന്നാലെയാണ് യുവതിക്കെതിരേയും പോലിസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.