മനോജ് പാണ്ഡെ പുതിയ കരസേന മേധാവിയാകും

നിലവിലെ കരസേനാ മേധാവി എം എം നരവാനെ ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെയാണ് കരസേന മേധാവി സ്ഥാനത്തേക്ക് ആര്‍മി ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ എത്തുന്നത്.

Update: 2022-04-03 17:22 GMT

ന്യൂഡല്‍ഹി: കരസേന മേധാവി സ്ഥാനത്തേക്ക് തയ്യാറെടുത്ത് ആര്‍മി ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ. നിലവിലെ കരസേനാ മേധാവി എം എം നരവാനെ ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെയാണ് കരസേന മേധാവി സ്ഥാനത്തേക്ക് ആര്‍മി ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ എത്തുന്നത്.

നിലവില്‍ കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 1982ല്‍ ബോംബെ സാപ്പേഴ്‌സ് യൂണിറ്റിലാണ് ലഫ്. ജനറല്‍ പാണ്ഡെ കമ്മിഷന്‍ഡ് ഓഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ പരാക്രം തുടങ്ങിയവയില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ എന്‍ജിനീയര്‍ റെജിമെന്റിലും ഇന്‍ഫന്‍ട്രി ബ്രിഗേഡിലും പടിഞ്ഞാറന്‍ ലഡാക്കിലെ പര്‍വത നിരകളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലും സുപ്രധാന ചുമതലകള്‍ വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എത്യോപ്യ, എറിത്രിയ രാജ്യങ്ങളിലെ യു.എന്‍ ദൗത്യങ്ങളിലും അദ്ദേഹം പങ്കെടുത്തു. ഡല്‍ഹിയില്‍ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്ടര്‍ ജനറല്‍ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേ സമയം ചുമതലയൊഴിയുന്ന കരസേനാ മേധാവി ജനറല്‍ എംഎം നരവാനെയെ അടുത്ത സംയുക്ത സൈനിക മേധാവിയായി പരിഗണിക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. 2022 ഏപ്രില്‍ വരെയാണ് കരസേനാ മേധാവിയായി എം എം നരവാനെയുടെ കാലാവധി. കാര്‍ഗില്‍ യുദ്ധത്തിന് പിന്നാലെയാണ് സിഡിഎസ് പദവി ഉണ്ടാക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തത്.

സൈനികവിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സിംഗിള്‍ പോയിന്റ് അഡ്വസൈറാണ് സംയുക്തസേനാ മേധാവി അല്ലെങ്കില്‍ സുയുക്ത സേനമേധാവി. മൂന്ന് സേനാ വിഭാഗങ്ങളെയും ഏകോപിപ്പിക്കുക, പ്രതിരോധമന്ത്രാലയത്തിന് നിര്‍ണായക ഉപദേശങ്ങള്‍ നല്‍കുക, ആയുധസംഭരണ നടപടിക്രമം രൂപീകരിക്കുക തുടങ്ങിയ സുപ്രധാന ചുമതലകളാണ് സിഡിഎസ് നിര്‍വഹിക്കേണ്ടത്. 2019 ഡിസംബര്‍ 31നാണ് ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി എം എം നരവാനെ ഇന്ത്യന്‍ കരസേന മേധാവിയായി ചുമതലയേറ്റത്.മനോജ് പാണ്ഡെ പുതിയ കരസേന മേധാവിയാകും

Tags:    

Similar News