മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം റദ്ദാക്കണമെന്ന് പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗം മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ നല്‍കിയതായി റിപോര്‍ട്ട്. ചോദ്യത്തിന് കോഴ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിശോധന നടത്തിയ സമിതിയാണ് 500 പേജുള്ള റിപോര്‍ട്ട് നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ലോക്‌സഭയില്‍ ബിജെപി എംപി തീവ്രവാദിയെന്നും മറ്റും വിളിച്ച് വംശീയമായി അധിക്ഷേപിച്ച ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തതായാണ് വിവരം. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതിന്‍മേല്‍ നടപടിയുണ്ടാവും. കമ്മിറ്റി വ്യാഴാഴ്ച വൈകീട്ട് നാലിന് ചേരുന്നുണ്ട്. മഹുവയുടെ പ്രവൃത്തികള്‍ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമാണെന്നും വിഷയത്തില്‍ ഉടനടി വിശദമായ അന്വേഷണം നടത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്. നവംബര്‍ ഒന്നിനാണ് മഹുവ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്. എന്നാല്‍, വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായെന്ന് ആരോപിച്ച് മഹുവ ഇറങ്ങിപ്പോയിരുന്നു. ഇവര്‍ക്കു പുറമേ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ ഡാനിഷ് അലിയും ജനതാദള്‍(യു) എംപി ഗിരിധാരി യാദവ്, കോണ്‍ഗ്രസ് എംപി ഉത്തം കുമാര്‍ റെഡ്ഡിയും തെളിവെടുപ്പിനിടെ ഇറങ്ങിപ്പോയിരുന്നു.
പാര്‍ലമെന്ററി യൂസര്‍ ഐഡി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി മഹുവ പങ്കുവച്ചെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയെന്നാണ് മഹുവയ്‌ക്കെതിരായ ആരോപണം. ജനവികാരം എത്തിക്‌സ് കമ്മിറ്റിക്ക് എതിരാക്കാന്‍ ശ്രമിച്ചെന്നാണ് ഡാനിഷ് അലിക്കെതിരായ ആരോപണം. മഹുവയുടെ മുന്‍ പങ്കാളി കൂടിയായ സുപ്രിംകോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദഹാദ്‌റായ് ആണ് സിബിഐക്കു പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്കും പരാതി നല്‍കി. ഇരുവരും നേരത്തേ എത്തിക്‌സ് കമ്മിറ്റി മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു. അതേസമയം, അദാനി ഗ്രൂപ്പ് നടത്തിയ 13000 കോടിയുടെ അഴിമതിയില്‍ സിബിഐ കേസെടുത്തിട്ടില്ലെന്നും അവര്‍ വാങ്ങുന്ന തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും രാജ്യസുരക്ഷ പ്രശ്‌നമില്ലെന്നുമായിരുന്നു മഹുവ എക്‌സില്‍ കുറിച്ചത്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയശേഷം തന്റെ വിഷയത്തിലേക്കും സിബിഐയെ സ്വാഗതം ചെയ്യുന്നതായി മഹുവ അറിയിച്ചു.
