പാചകവാതക വില വീണ്ടും കൂട്ടി

Update: 2021-10-06 02:47 GMT

ന്യൂഡല്‍ഹി: സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച് രാജ്യത്ത് വീണ്ടും പാചക വാതക-ഇന്ധന വിലവര്‍ധന. രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 15രൂപയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപ. ഈ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 205.50രൂപ. വാണിജ്യ പാചകവാതക വിലയില്‍ മാറ്റമില്ല; 1,728 രൂപയായി തുടരും. വാണിജ്യ സിലിണ്ടറിന് ഈവര്‍ഷം വര്‍ധിച്ചത് 409 രൂപ.

കൊവിഡ് പ്രതിസന്ധിക്കിടെ പാചക വാതക വിലവര്‍ധനവും പെട്രോള്‍, ഡീസല്‍ വിലവര്‍ധനവും സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ഓരോ 15 ദിവസത്തിലും പെട്രോളിയം കമ്പനികള്‍ പാചകവാതക സിലിണ്ടറിന്റെ വില അവലോകനം ചെയ്യാറുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അഭ്യന്തര പാചകവാതകത്തിന്റെ വില ഇരട്ടിയായി. ഗാര്‍ഹിക സിലിണ്ടറിന് 2014 ല്‍ 410 രൂപയായിരുന്നെങ്കില്‍ ഇന്ന് 14.2 കിലോ സിലിണ്ടറിന്റെ വില 906.50 രൂപയാണ്. സെപ്തംബര്‍ ഒന്നിനായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ വര്‍ധിച്ചത്.

Tags: