'ലൗജിഹാദ്' രാഷ്ട്രീയം: ജോസ് കെ മാണിയുടെ മുസ്‌ലിം വിരുദ്ധത സിപിഎമ്മിന്റെ അജണ്ടയോ..?

ആഴക്കടല്‍ മല്‍സ്യബന്ധനമടക്കമുള്ള ക്രൈസ്തവ പരിസര യാഥാര്‍ഥ്യങ്ങളെ 'ലൗജിഹാദ്' എന്ന തീവ്ര മുസ്‌ലിം വിരുദ്ധതയില്‍ ജോസ് കെ മാണിയിലൂടെ അട്ടിമറിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള എല്‍ഡിഎഫ് നീക്കമായാണ് പുതിയ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

Update: 2021-03-29 07:21 GMT

പിസി അബ്ദുല്ല

കോഴിക്കോട്: 'ലൗജിഹാദ്' അടക്കമുള്ള ആരോപണങ്ങളുടെ പേരിലുള്ള ക്രൈസ്തവ സഭകളുടെ മുസ്‌ലിം വിരുദ്ധതയായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വിജയ ഫോര്‍മുല. എ വിജയരാഘവനും പിണറായി വിജയനും മുസ്‌ലിം രാഷ്ട്രീയത്തിനെതിരേ തിരിച്ചുവിട്ട കുന്തമുനകള്‍ മധ്യ കേരളത്തിലടക്കം എല്‍ഡിഎഫിന് വോട്ടായി മാറി. നിയമ സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിലും അതേ സമീപനമായിരുന്നു സിപിഎമ്മിനും പിണറായിക്കും. എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയെ പോലും തഴഞ്ഞ് ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് അമിത പരിഗണന നല്‍കിയതിനു പിന്നില്‍ സിപിഎമ്മിന്റെ െ്രെകസ്തവ പ്രീണനമാണ് മറ നീങ്ങിയത്.

എന്നാല്‍, എ വിജയരാഘവന്റെ വാക്കുകളിലെ മുസ്ലിം വിരുദ്ധത പരിധി വിട്ട് മറ നീങ്ങുകയും അതിനെതിരെ കേരളത്തിന്റെ മതേതര, മുസ്ലിം പൊതു ബോധം ശക്തമായി പ്രതിഷേധമുയര്‍ത്തുകയും ചെയ്തതോടെ സിപിഎമ്മിന്റെ ആ ചാട്ടം പിഴച്ചു. മുസ്‌ലിം രാഷ്ട്രീയം യുഡിഎഫിനെ നിയന്ത്രിക്കുന്നു എന്ന പ്രചാരണത്തിലൂടെയും 'പാണക്കാട് ഫാക്ടര്‍' ഉയര്‍ത്തിയുമൊക്കെ മുസ്‌ലിം വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനുള്ള പരസ്യനീക്കങ്ങളില്‍ നിന്ന് സിപിഎമ്മി പിന്‍വലിയേണ്ടി വന്നു. ഉമ്മന്‍ ചാണ്ടി യുഡിഎഫ് നേതൃത്വത്തിലേക്കു വന്നതും സിപിഎമ്മിന്റെ ക്രൈസ്തവ പ്രീണന നീക്കങ്ങള്‍ക്കു തടയിട്ടു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്ന് വിഭിന്നമായ സൂചനകളാണ് ക്രൈസ്തവ സ്വാധീന മേഖലകളില്‍ നിന്ന് എല്‍ഡിഎഫിനെതിരേ പുറത്തു വന്നത്. ചാനലുകള്‍ തുടര്‍ഭരണവും എല്‍ഡിഎഫ് മുന്നേറ്റവും പ്രവചിക്കുമ്പോള്‍ തന്നെ ഐബിയും സ്‌പെഷ്യല്‍ ബ്രാഞ്ചും എല്‍ഡിഎഫിനെതിരായ റിപോര്‍ട്ടുകളാണ് സര്‍ക്കാരിനു നല്‍കിയത്. ഇതിനു പുറമെയാണ് ആഴക്കടല്‍ മല്‍സ്യബന്ധന വിവാദത്തില്‍ ലത്തീന്‍ സഭ സര്‍ക്കാരിനെതിരേ പരസ്യമായി രംഗത്തു വന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളില്‍ നിന്നു വിഭിന്നമായി ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളും സമദൂര നിലപാടുകളിലെത്തി. കോണ്‍ഗ്രസും പിജെ ജോസഫിന്റെ പാര്‍ട്ടിയും കത്തോലിക്കാ സഭയെ സ്വാധീനിക്കുന്ന സ്ഥാനാര്‍ഥികളെ രംഗത്തിറക്കുക കൂടി ചെയ്തതോടെ കോട്ടയം, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫിന് ഭീഷണി കനത്തു.

സിപിഎം പ്രതീക്ഷിച്ച തരത്തില്‍ മധ്യ കേരളത്തില്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാനാവില്ലെന്ന കൃത്യമായ സൂചനകളും പുറത്തു വന്നു. ജോസ് കെ മാണിയുടെ ഉപജാപക വൃന്ദത്തിനെതിരെ ആ പാര്‍ട്ടിയില്‍ നില നില്‍ക്കുന്ന അമര്‍ഷങ്ങളും പാലായിലടക്കം സിപിഎം പ്രവര്‍ത്തകര്‍ക്ക് ജോസ് കെ മാണിയെ ഇനിയും ദഹിക്കാത്തതിന്റെ തെളിവുകളും പുറത്തു വന്നു. നിയമ സഭാ തിരഞ്ഞെടുപ്പില്‍ പാലായിലടക്കം കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ജോസ് കെ മാണി 'ലൗ ജിഹാദ്' ആരോപണവുമായി രംഗത്തു വന്നത്. അഭിമുഖത്തിലെ യാദൃച്ഛിക പരാമര്‍ശമായിരുന്നില്ല ജോസ് കെ മാണിയുടേത്. ക്രൈസ്തവ സഭകളുടെ മുസ്‌ലിം വിരുദ്ധത പരമാവധി ആളിക്കത്തിക്കുകയും ജോസ് കെ മാണിയുടെ പിന്‍ബലത്തില്‍ എല്‍ഡിഎഫിന് അനായാസ തുടര്‍ഭരണം പ്രവചിക്കുകയും ചെയ്ത മനോരമ ചാനലിലാണ് ജോസ് കെ മാണിയുടെ 'ലൗ ജിഹാദ് പരാമര്‍ശമെന്നതും സ്വാഭാവികമല്ല. നേരത്തെ തയ്യാറാക്കിയ തിരക്കഥയെന്ന പോലെയായിരുന്നു ചാനല്‍ ചീഫ് കോ ഓര്‍ഡിനേറ്റിംങ് എഡിറ്ററുടെ ലൗജിഹാദ്' ചോദ്യവും ജോസ് കെ മാണിയുടെ ഉത്തരവും.

സിപിഎം നേതൃത്വത്തിന്റെ അറിവോടെ സഭകളുടെ വോട്ട് ഉറപ്പിക്കുകയാണ് 'ലൗ ജിഹാദ്' ആരോപണം വഴി ജോസ് കെ മാണി ലക്ഷ്യമിട്ടതെന്ന സൂചനകളെ ബലപ്പെടുത്തുന്നതാണ് അനന്തര സാഹചര്യങ്ങള്‍. പാലായില്‍ ജോസ് കെ മാണിക്ക് സിപിഎം വോട്ടുകള്‍ പ്രതീക്ഷിച്ച പോലെ ലഭിക്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഎം പ്രാദേശിക നേതാക്കളുടെ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തു വന്നതിന്റെ പിന്നാലെയാണ് ജോസിന്റെ മുസ്‌ലിം വിരുദ്ധ രംഗപ്രവേശം. മധ്യകേരളം മറിഞ്ഞാല്‍ സംസ്ഥാന ഭരണം മാറുമെന്ന തിരിച്ചറിവില്‍ എല്‍ഡിഎഫ് തലത്തില്‍ നടന്ന ആസൂത്രണമാണ് ജോസ് കെ മാണിയിലൂടെ പുറത്തു വന്നതെന്നാണ് വിലയിരുത്തല്‍.

ഇടതു മുന്നണിയുടെയും സിപിഎമ്മിന്റേയും നിലപാടുകള്‍ക്ക് വിരുദ്ധമായി 'ലൗജിഹാദ്' ആരോപണവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തു വന്ന് 48 മണിക്കൂറിലധികം കഴിഞ്ഞിട്ടും ഇടതു മുന്നണിയുടേയോ സിപിഎമ്മിന്റെയോ നേതാക്കള്‍ അതിനെതിരേ പ്രതികരിച്ചിട്ടില്ല. ജോസ് കെ മാണിയെ പിന്തുണച്ച് കെസിബിസിയും ചങ്ങനാശ്ശേരി അതിരൂപതയും കത്തോലിക്കാ സഭയും സംഘപരിവാരവും രംഗത്തു വന്നത് പ്രധാന വാര്‍ത്തയായിട്ടും ജോസ് കെ മാണി പറഞ്ഞത് പറഞ്ഞത് അറിയില്ലെന്നാണ് പിണറായി വിജയന്‍ ഇന്നു പ്രതികരിച്ചത്.

'ലൗജിഹാദ്' ഇല്ലെന്ന് കോടതികളും പോലിസും സര്‍ക്കാരും വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചിട്ടും ജോസ് കെ മാണി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയുമാണ്. കൃത്യമായ തിരഞ്ഞെടുപ്പ് നിലപാടിന്റെ ഭാഗമാണ് 'ലൗജിഹാദ്' വിവാദം ജോസ് കെ മാണി ഇപ്പോള്‍ ഏറ്റു പിടിക്കുന്നതെന്ന് അഭിമുഖത്തില്‍ വ്യക്തമായിട്ടും പിണറായിയടക്കമുള്ളവര്‍ മൗനം പാലിക്കുന്നതില്‍ കൃത്യമായ സൂചനകളുണ്ട്.

ആഴക്കടല്‍ മല്‍സ്യബന്ധനമടക്കമുള്ള ക്രൈസ്തവ പരിസര യാഥാര്‍ഥ്യങ്ങളെ 'ലൗജിഹാദ്' എന്ന തീവ്ര മുസ്‌ലിം വിരുദ്ധതയില്‍ ജോസ് കെ മാണിയിലൂടെ അട്ടിമറിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള എല്‍ഡിഎഫ് നീക്കമായാണ് പുതിയ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്.