മറഡോണയുടെ മോഷണം പോയ ഹബ്ലോട്ട് വാച്ച് അസമില്‍ കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

ദുബയ് പോലിസില്‍നിന്ന് കേന്ദ്ര ഏജന്‍സിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലിസിന്റെ തിരച്ചില്‍. മറഡോണ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ദുബയിലെ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ ഒരാളായിരുന്നു വാസിദ്.

Update: 2021-12-11 10:07 GMT

ന്യൂഡല്‍ഹി: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ ഹബ്ലോട്ട് എന്ന ആഡംബര വാച്ച് അസമില്‍ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശിവസാഗറിലെ വാസിദ് ഹുസൈന്‍ എന്നയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് വാച്ച് കണ്ടെടുത്തത്. മുഖ്യപ്രതിയായ ഇയാളെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

ദുബയ് പോലിസില്‍നിന്ന് കേന്ദ്ര ഏജന്‍സിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലിസിന്റെ തിരച്ചില്‍. മറഡോണ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ദുബയിലെ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ ഒരാളായിരുന്നു വാസിദ്.

കുറച്ച് ദിവസം ജോലി ചെയ്ത ശേഷം അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ആഗസ്തില്‍ അവധിയെടുത്ത് ഇയാള്‍ അസമിലേക്ക് മടങ്ങുകയായിരുന്നു. മറഡോണ ഒപ്പുവെച്ച ലിമിറ്റഡ് എഡിഷന്‍ ഹബ്‌ലോട്ട് വാച്ച് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു എന്ന് കരുതപ്പെടുന്നു.

ഇന്ന് വെളുപ്പിന് നാലുമണിയോടെയാണ് പ്രതിയെ പിടികൂടിയത്. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി, അസം പോലിസ്-ദുബയ് പോലിസുമായി സഹകരിച്ചാണ് ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ ഹെറിറ്റേജ് ഹബ്ലോട്ട് വാച്ച് വീണ്ടെടുക്കുകയും വാസിദ് ഹുസൈന്‍ എന്ന ആളെ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്ന് ശര്‍മ ട്വീറ്റ് ചെയ്തു. നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News