കശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് സായുധർ കൊല്ലപ്പെട്ടു

ഹിസ്ബുൽ മുജാഹിദീനിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഒരാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പോലിസ്

Update: 2022-05-06 14:11 GMT

ശ്രീനഗർ: ജമ്മു-കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു സായുധർ കൊല്ലപ്പെട്ടു. ഹിസ്ബുൽ മുജാഹിദീൻ പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് പോലിസ് വിശദീകരണം.

സായുധരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്ന് അനന്ത്നാഗിലെ പഹൽഗാം വനമേഖലയിൽ സുരക്ഷസേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് പറയുന്നു. ഒളിച്ചിരുന്ന സായുധർ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

തുടർന്നു നടത്തിയ സൈന്യത്തിന്റെ തിരിച്ചടിയിലാണ് സായുധർ കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. മരിച്ചവരുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്. ഹിസ്ബുൽ മുജാഹിദീനിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഒരാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പോലിസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ അറിയിച്ചു.