രാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍ പരാതിക്കാരും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍

Update: 2023-03-24 16:40 GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ 2015 മുതല്‍ രാജ്യത്തുടനീളം ചുമത്തപ്പെട്ടത് നിരവധി മാനനഷ്ടക്കേസുകളെന്ന് റിപോര്‍ട്ട്. ഇതില്‍ കൂടുതലും ബിജെപി നേതാക്കളും ആര്‍എസ്എസ് പ്രവര്‍ത്തകരും നല്‍കിയ പരാതികളാണ്. മോദി വിരുദ്ധ പരാമര്‍ശത്തില്‍ അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുലിന്റെ ലോക്‌സഭ അംഗത്വം റദ്ദാക്കിയിരുന്നു.


രാഹുല്‍ ഗാന്ധിക്കെതിരായ കേസുകളുടെ വിവരങ്ങള്‍

2023

ഇപ്പോള്‍ വിവാദമായിരിക്കുന്ന കേസില്‍ 'മോദി' എന്ന കുടുംബപ്പേരുള്ളവര്‍ 'കള്ളന്‍മാരാണോ' എന്ന് ചോദിച്ചതിനാണ് കോടതി നടപടി നേരിടേണ്ടി വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ സൂറത്തിലെ ഒരു കോടതിയാണ് കോണ്‍ഗ്രസ് നേതാവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 30 ദിവസത്തിനകം മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കാം. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

2019

മറ്റൊരു മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് പട്‌ന കോടതി ജാമ്യം അനുവദിച്ചിരുന്നു. 'മോദി' എന്ന കുടുംബപ്പേരുള്ളവര്‍ 'കള്ളന്‍മാരാണോ' എന്ന് ചോദിച്ചതിന് ഒരു ബിജെപി നേതാവാണ് ഈ കേസ് ഫയല്‍ ചെയ്തത്.

2019

2016 നവംബറിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് കറന്‍സി നോട്ടുകള്‍ കൈമാറ്റം ചെയ്യുന്ന അഴിമതിയില്‍ ബാങ്കിന് പങ്കുണ്ടെന്ന് ആരോപിച്ചതിന് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് നല്‍കിയ മാനനഷ്ടക്കേസില്‍ അഹമ്മദാബാദ് കോടതി കോടതി ജാമ്യം അനുവദിച്ചു.

2019

ബെംഗളൂരുവിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയും ഹിന്ദുത്വ വിമര്‍ശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബിജെപി-ആര്‍എസ്എസ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി പരാമര്‍ശം നടത്തിയതിനാണ് മറ്റൊരു കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മുംബൈ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.

2016

2015 ഡിസംബറില്‍ അസമിലെ ബാര്‍പേട്ട സത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ ആര്‍എസ്എസ് തടഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതിനെ തുടര്‍ന്നാണ് മറ്റൊരു കേസ്. ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസില്‍ ഗുവാഹത്തി കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.

2016

മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന രാഹുലിന്റെ പരാമര്‍ശത്തിനാണ് മറ്റൊരു കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ മഹാരാഷ്ട്രയിലെ ഭീവണ്ടിയിലെ കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍, കോടതിയില്‍ തന്റെ വാദം തെളിയിക്കാന്‍ വിചാരണ നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

2015

നാഷണല്‍ ഹെറാള്‍ഡ് കേസിലും രാഹുല്‍ ഗാന്ധി ജാമ്യത്തിലാണ്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പിന്തുടരുന്ന കേസില്‍ 2015 ഡിസംബറില്‍ മാതാവ് സോണിയാ ഗാന്ധിയ്‌ക്കൊപ്പമാണ് ജാമ്യം ലഭിച്ചത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം നടത്തുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ യങ് ഇന്ത്യ ഏറ്റെടുത്തതും അതിന് ശേഷമുള്ള ഇടപാടുകളുമാണ് നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ഉള്‍പ്പെടുന്നത്.

Tags:    

Similar News