ആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം

Update: 2024-04-24 12:28 GMT

തിരുവനന്തപുരം: കൊടുംചൂടിലും തളരാതെ ഒന്നരമാസത്തോളമായി തുടരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ ആവേശത്തിന്റെ കൊട്ടിക്കലാശം. മേളപ്പെരുക്കത്തിന്റെയും ഡിജെ പാര്‍ട്ടികളുടെയും അകമ്പടിയിലാണ് വിവിധ പാര്‍ട്ടികളും മുന്നണികളും കൊട്ടിക്കലാശം തീര്‍ത്തത്. കൊട്ടിക്കലാശത്തില്‍ പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങുതകര്‍ത്തു. സംഘര്‍ഷം ഒഴിവാക്കാനായി നേരത്തേ നിശ്ചയിച്ച സ്ഥലങ്ങളിലാണ് ഓരോ മുന്നണികളും കൊട്ടിക്കലാശം സംഘടിപ്പിച്ചത്. ഇനിയുള്ള 48 മണിക്കൂര്‍ നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകളാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് വൈകീട്ട് ആറുമുതല്‍ ഏപ്രില്‍ 27ന് വൈകീട്ട് ആറു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടിക്കലാശത്തിനിടെ മലപ്പുറത്ത് പോലിസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

    കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. ഇതില്‍ 25 പേര്‍ വനിതകളാണ്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്-14. അഞ്ച് സ്ഥാനാര്‍ഥികളുള്ള ആലത്തൂരാണ് ഏറ്റവും കുറവ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,34,394 കന്നിവോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്‍മാരുമാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനവുണ്ട്. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍ 367 ഉം പ്രവാസി വോട്ടര്‍മാര്‍ 89,839 ഉം ആണ്. കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറവും-33,93,884 കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണ്-6,35,930.

Tags:    

Similar News