മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല്‍: പുനഃപരിശോധനാ ഹരജി ലോകായുക്ത തള്ളി

Update: 2023-04-12 08:19 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന് ആരോപിച്ചു നല്‍കിയ പുനഃപരിശോധനാ ഹരജി ലോകായുക്ത തള്ളി. റിവ്യൂ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ദുരിതാശ്വാസ നിധി കേസിലെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഇന്ന് ഉച്ചയ്ക്ക് 2.30നു ഫുള്‍ബെഞ്ച് തന്നെ പരിഗണിക്കും. ഇതൊരു ചരിത്ര റിവ്യു ഹരജിയാണെന്ന് പരിഹസിച്ച ഉപലോകായുക്ത, പരാതിക്കാരന്റെ വാദങ്ങള്‍ ദുര്‍ബലവും അടിസ്ഥാനമില്ലാത്തതുമാണെന്നും ചൂണ്ടിക്കാട്ടി. കേസിന്റെ സാധുത ഇനി പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് ശശികുമാര്‍ നല്‍കിയ ഹരജിയാണ് ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദും തള്ളിയത്. കേസ് മൂന്നംഗ ഫുള്‍ ബെഞ്ചിന് വിട്ടതിനെതിരേ ഹരജിക്കാരന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് ലോകായുക്തയ്ക്കും ജഡ്ജിമാര്‍ക്കുമെതിരേ സംസാരിച്ചതിനെതിരേ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി ലോകായുക്തയെ സ്വാധീനിച്ചത് ഹരജിക്കാരന്‍ കണ്ടിട്ടുണ്ടോയെന്നായിരുന്നു വിമര്‍ശനം.

Tags:    

Similar News